കൊച്ചി: വിവാഹേതര ബന്ധത്തിന്റെ പേരില്‍ ജീവിത പങ്കാളികളില്‍ നിന്ന് ഭാര്യക്കോ ഭര്‍ത്താവിനോ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി.
രാജ്യത്തെ നിയമങ്ങള്‍ സിവില്‍ കരാര്‍ പ്രകാരമുള്ള പവിത്രമായ ബന്ധമായാണ് വിവാഹങ്ങളെ കാണുന്നതെന്നും എന്നാല്‍ പങ്കാളിയുടെ മേല്‍ ഉടമസ്ഥതയുണ്ടെന്ന് അത് അര്‍ത്ഥമാക്കുന്നില്ലെന്നും കോടതി പറഞ്ഞു.
നഷ്ടപരിഹാരത്തിന് വിവാഹമോചനത്തിൽ സാധുതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യുവാവിന് നാല് ലക്ഷം രൂപ യുവതി നഷ്ടപരിഹാരം നല്‍കണമെന്ന തിരുവനന്തപുരം കുടുംബക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
വിവാഹം നിലനില്‍ക്കെ മറ്റൊരാളുമായി ഭാര്യ അടുപ്പത്തിലായെന്നും ഇതിനെ തുടര്‍ന്ന് ഭര്‍ത്താവിനുണ്ടായ മാനക്കേടിന് യുവതി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കുടുംബകോടതി ഉത്തരവിട്ടത്.
പ്രസ്തുത ഉത്തരവ് തള്ളിയ ഹൈക്കോടതി, പുതിയ നിയമങ്ങള്‍ ഭാര്യയെയും ഭര്‍ത്താവിനെയും വിശ്വസ്തയുടെ ഉടമകളായി കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
വിവാഹേതര ബന്ധം അധാര്‍മികമാണ്. എന്നാല്‍ ക്രിമിനല്‍ കുറ്റമല്ലെന്നും കോടതി പറഞ്ഞു. വിവാഹ ബന്ധത്തിലെ വിശ്വാസ ലംഘനം ദമ്പതികളുടെ സ്വകാര്യ ജീവിതത്തിന്റെ ഭാഗമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പുതിയ നിയമക്രമമായ ബി.എന്‍.എസ് പ്രകാരം വിവാഹേതര ബന്ധം കുറ്റകൃത്യമല്ല. 2018ല്‍ മറ്റൊരാളുടെ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാക്കുന്ന 497 വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
നിലവിലെ കേസില്‍ യുവതി വിവാഹമോചന ഹരജി ഫയല്‍ ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുവാവ് നഷ്ടപരിഹാര ഹരജി നല്‍കിയത്. ഭര്‍തൃവീട്ടിലെ പീഡനം മൂലം സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി വിവാഹമോചത്തിന് ഹരജി നല്‍കുകയായിരുന്നു.
35 പവന്‍ സ്വര്‍ണം തിരികെ ലഭിക്കാന്‍ കൂടിയാണ് കേസ് നല്‍കിയതെന്നും അതിനിടെ തന്റെ ബന്ധുവുമായി അടുപ്പത്തിലായെന്നും യുവതി കോടതിയെ അറിയിച്ചു.
തുടര്‍ന്ന് യുവാവിന്റെ ഹരജിയില്‍ പറയുന്ന വിവാഹേതര ബന്ധത്തിന് തെളിവില്ലെന്നും വിവാഹമോചനം ഇക്കാരണത്താല്‍ ആയിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി. സ്‌നേഹലത എന്നിവരാണ് ഹരജി പരിഗണിച്ചത്.
Content Highlight: No compensation in the name of extra-marital affair: HC