മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇതുവരെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍. നിലവില്‍ ഗുരുതര സാഹചര്യമുള്ളത് കൊണ്ടോട്ടി മേഖലയിലാണെന്നും അദ്ദേഹം പറഞ്ഞു.
കൊണ്ടോട്ടിയില്‍ 468 പേരില്‍ നടത്തിയ ആന്റിജെന്‍ പരിശോധനയില്‍ 112 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഈ മേഖലയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ഇന്നത്തെ ഫലങ്ങള്‍ കൂടി വന്ന ശേഷം കൊണ്ടോട്ടി താലൂക്കില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടു വരുന്നത് പരിശോധിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
കൊണ്ടോട്ടിയില്‍ സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപനമാണ് വര്‍ധിച്ചത്. അഞ്ച് ദിവസത്തിനിടെ 468 പേരില്‍ നടത്തിയ പരിശോധനയിലാണ് 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കൊണ്ടോട്ടിയിലെ മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് ആന്റിജെന്‍ പരിശോധന നടത്തിയത്. ഇന്ന് കൂടുതല്‍ പരിശോധനകള്‍ ഈ മേഖലയില്‍ നടത്തിയിട്ടുണ്ട്.
നിലവില്‍ കൊണ്ടോടി നഗരസഭയില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ ഉള്ളത്. നഗരസഭായോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന നിലപാടിലാണ് ജില്ലാഭരണകൂടം.
നിലവില്‍ പരിശോധന നടത്തിയവരില്‍ നാലിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗവ്യാപനമുള്ള മേഖലയെ ക്ലസ്റ്ററുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയേക്കുമെന്നാണ് അറിയുന്നത്.
പൊന്നാനി നഗരസഭ, കൊണ്ടൊട്ടി നഗരസഭ, നിലമ്പൂര്‍ നഗരസഭ , പെരുവള്ളൂര്‍ ഗ്രാമപഞ്ചായത് വാര്‍ഡ് 03,12,13,18,19. മമ്പാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02,03,11,12,13. പള്ളിക്കല്‍ ഗ്രാമപഞ്ചായത് വാര്‍ഡ് 03, 07,08,09,10,11,12,13,15 എന്നിവയാണ് മലപ്പുറത്തെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.