ന്യൂദല്‍ഹി: ആദായ നികുതി വകുപ്പ് നോട്ടീസില്‍ കോണ്‍ഗ്രസിന് സുപ്രീം കോടതിയില്‍ നിന്ന് ആശ്വാസം. 3500 കോടി രൂപയുടെ കുടിശ്ശികയില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നടപടി സ്വീകരിക്കരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയില്‍ ഉറപ്പുനല്‍കി.
തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി ജൂലൈ 24 ലേക്ക് മാറ്റി. ജസ്റ്റിസ് നാഗരത്‌ന അധ്യക്ഷയായ ബഞ്ചാണ് ഹരജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ നീക്കമെന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.
3,567 കോടി രൂപ നികുതി കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.ഐ.എം, ടി.എം.സി അടക്കം പാര്‍ട്ടികള്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.
ജസ്റ്റിസ് ബി.വി നാഗരത്‌നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് കോടതിയെ അറിയിച്ചത്.
‘2024-ല്‍ അവര്‍ക്ക് 20 ശതമാനം തുക അടയ്ക്കാനുള്ള ഓപ്ഷന്‍ പാര്‍ട്ടികള്‍ക്ക് നല്‍കി, 135 കോടി രൂപയായിരുന്നു അത്. പിന്നീട് 1,700 കോടിയായി. ഇത് അവര്‍ അടക്കേണ്ട തുകയാണ്, പരിഹരിക്കപ്പെടേണ്ടതാണ്. പക്ഷേ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഞങ്ങള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല,’ എന്നായിരുന്നു തുഷാര്‍ മേത്ത പറഞ്ഞത്.
നികുതി ആവശ്യം കേന്ദ്രം താല്‍ക്കാലികമായി നിര്‍ത്തുകയാണോ എന്ന് കോടതി ചോദിച്ചപ്പോള്‍, ‘അല്ല, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ
ഞങ്ങള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല’, എന്നായിരുന്നു മേത്തയുടെ മറുപടി.
എന്നാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി കേന്ദ്രം 135 കോടി രൂപ പിരിച്ചെടുത്തതായി കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി പറഞ്ഞു. ‘ഞങ്ങള്‍ ലാഭമുണ്ടാക്കുന്ന ഒരു സംഘടനയല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്.’എന്നായിരുന്നു സിങ്‌വി പറഞ്ഞത്.
ഭരണകക്ഷിയായ ബി.ജെ.പി നികുതി നിയമങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെങ്കിലും ആദായനികുതി വകുപ്പ് അവര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
എല്ലാ കാലവും രാജ്യം ബി.ജെ.പി ഭരിക്കില്ലെന്നും സര്‍ക്കാര്‍ മാറുമ്പോള്‍ ഇനി ആരും ഇത്തരം നടപടികളിലേക്ക് കടക്കാതിരിക്കാന്‍ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘സര്‍ക്കാര്‍ മാറുമ്പോള്‍, ജനാധിപത്യം കവര്‍ന്നെടുത്തവര്‍ക്കെതിരെ തീര്‍ച്ചയായും നടപടിയെടുക്കും. ഇനി ആരും ഇതെല്ലാം ചെയ്യാന്‍ ധൈര്യപ്പെടാത്ത രീതിയില്‍ മാതൃകാപരമായ നടപടി സ്വീകരിക്കും. ഇതാണ് എന്റെ ഉറപ്പ്,’ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ തങ്ങള്‍ പതറില്ലെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജയറാം രമേശും പറഞ്ഞിരുന്നു.
Content Highlight: No Coercive Steps Over ₹ 3,500 Crore Demand”: Tax Relief For Congress