ലഖ്‌നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാമർശം നടത്തിയ മാധ്യമ പ്രവർത്തകയുടെ മേൽ സോഷ്യൽ മീഡിയ നയപ്രകാരമുള്ള നിർബന്ധിത നിയമം നടപ്പാക്കുന്നത് തടഞ്ഞ് സുപ്രീം കോടതി. മാധ്യമപ്രവർത്തകയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നാല് എഫ്.ഐ.ആറുകളുമായി ബന്ധപ്പെട്ട് നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി വ്യാഴാഴ്ച നിർദേശിച്ചു.
എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക മംമ്താ ത്രിപാഠി സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.കെ. മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചത്.
എഫ്.ഐ.ആറുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമസ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമത്തിന്റെ ഫലമായി ഫയൽ ചെയ്തതാണെന്നും ത്രിപാഠി അവകാശപ്പെട്ടു.
ഒരു പത്രപ്രവർത്തകൻ്റെ കടമ സത്യത്തെ സേവിക്കുക, അധികാരികൾ ഉത്തരവാദത്തോടെ പ്രവർത്തിക്കുന്നുണ്ടോ എന്ന് വീക്ഷിക്കുക, ഭയമോ പക്ഷപാതമോ കൂടാതെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുക എന്നിവയാണെന്ന് അവർ പറഞ്ഞു. എഫ്.ഐ.ആറുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഹരജിക്കാരനെതിരേ കേസുകൾ ചുമത്തി മാധ്യമസ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അഭിഭാഷകൻ അമർജിത് സിങ് ബേദി മുഖേന സമർപ്പിച്ച ഹരജിയിൽ പറയുന്നു.
‘അഴിമതി നടപടികളുടെയും ദുരുപയോഗത്തിൻ്റെയും പരസ്യമായ വിമർശകയാണ് ഹരജിക്കാരി. അതേക്കുറിച്ച് പതിവായി റിപ്പോർട്ട് ചെയ്യാറുണ്ട്. ഇക്കാരണത്താൽ അവർ പലപ്പോഴും സർക്കാരിന്റെ രോഷം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്,’ ഹരജിയിൽ പറയുന്നു.
കഴിഞ്ഞ വർഷം നവംബറിൽ, മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഹരജിക്കാരി എക്‌സിൽ ഇട്ട പോസ്റ്റിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ വർഷം മെയിൽ ഉത്തർപ്രദേശിലെ അമേഠിയിൽ ബി.ജെ.പി ജില്ലാ പ്രസിഡൻ്റിൻ്റെ നിർദേശപ്രകാരം ത്രിപാഠിക്കെതിരെ മറ്റൊരു എഫ്.ഐ.ആർ കൂടി രജിസ്റ്റർ ചെയ്തിരുന്നു.
പിന്നീട് ജൂണിൽ, മറ്റൊരു പോസ്റ്റുമായി ബന്ധപ്പെട്ട് വീണ്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഒരു ഉയർന്ന ഉദ്യോഗസ്ഥർ സർക്കാർ വാഹനം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നതായിരുന്നു പോസ്റ്റ്. അടുത്തിടെ, സെപ്റ്റംബർ 20ന്, ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ച് ഹരജിക്കാരിയുടെ മറ്റൊരു പോസ്റ്റിനെതിരെയും പൊലീസ് കേസ് എടുത്തിരുന്നു. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ ആയിരുന്നു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
Content Highlight: No coercive action: SC shields journalist booked for ‘tarnishing’ UP CM’s image