| Friday, 24th April 2020, 2:08 pm

അർണബിനെതിരായ കേസുകളിൽ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദൽഹി:റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ​ഗോസ്വാമിക്കെതിരായ കേസുകളിൽ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി. റിപ്ലബ്ബിക്ക് ടിവി ചർച്ചയിൽ മഹാരാഷ്ട്രയിലെ പാൽ​ഘർ സംഭവത്തെക്കുറിച്ച് മതസ്പർദ ഉണ്ടാക്കുന്ന തരത്തിലുള്ള അർണബിന്റെ പരാമർശത്തിലും, കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധിയെക്കുറിച്ചുമുള്ള വിവാദ പരാമർശത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലെ തുടർനടപടികളാണ് കോടതി നീട്ടിവെച്ചത്.

വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് അർണബ് ​ഗോസ്വാമിക്കെതിരായ കേസിൽ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവർ വാദം കേട്ടത്. നാ​ഗ്പൂരിൽ അർണബ് ​ഗോസ്വാമിക്കെതിരായി ചുമത്തിയ എഫ്.ഐ.ആറിലും കോടതി സ്റ്റേ അനുവദിച്ചു.

അർണബിന് മൂന്നാഴ്ച്ചയ്ക്ക് ശേഷം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു.

അഡ്വക്കേറ്റ് പ്ര​ഗ്യ ബാ​ഗേൽ വഴി അർണബ് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. അർണബിന് വേണ്ടി കോടതിയിൽ ഹാജരായി മുതിർന്ന അഭിഭാഷകൻ മു​കുൾ റോഹ്ത്താ​ഗി അർണബിന് നേരെ ചുമത്തിയിരിക്കുന്ന കേസ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കോടതിയിൽ വാദിച്ചു. രാഷ്ട്രീയമായ ചർച്ചകളിൽ പ്രകോപനപരമായ ചോദ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മുകുൾ റോഹ്ത്താ​ഗി പറഞ്ഞു.

അതേസമയം വാദിഭാ​ഗത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ അർണബിന്റെ പ്രസ്താവനകൾ ഹിന്ദുക്കളെ ന്യൂനപക്ഷങ്ങൾക്കെതിരായി തിരിച്ച് മതസ്പർദ ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് കോടതിയിൽ പറഞ്ഞു. ഇത് ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും അദ്ദേഹം ശക്തമായി വാദിച്ചു.

അർണബ്. ​ഗോസ്വാമിക്കെതിരെ ഛത്തീ​സ്​ഗഢ് മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന, പഞ്ചാബ്, പശ്ചിമ ബം​ഗാൾ എന്നീ സംസ്ഥാനങ്ങളിലും നിരവധി കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more