ന്യൂ ദൽഹി:റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരായ കേസുകളിൽ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി. റിപ്ലബ്ബിക്ക് ടിവി ചർച്ചയിൽ മഹാരാഷ്ട്രയിലെ പാൽഘർ സംഭവത്തെക്കുറിച്ച് മതസ്പർദ ഉണ്ടാക്കുന്ന തരത്തിലുള്ള അർണബിന്റെ പരാമർശത്തിലും, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെക്കുറിച്ചുമുള്ള വിവാദ പരാമർശത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലെ തുടർനടപടികളാണ് കോടതി നീട്ടിവെച്ചത്.
വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് അർണബ് ഗോസ്വാമിക്കെതിരായ കേസിൽ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവർ വാദം കേട്ടത്. നാഗ്പൂരിൽ അർണബ് ഗോസ്വാമിക്കെതിരായി ചുമത്തിയ എഫ്.ഐ.ആറിലും കോടതി സ്റ്റേ അനുവദിച്ചു.
അർണബിന് മൂന്നാഴ്ച്ചയ്ക്ക് ശേഷം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു.
അഡ്വക്കേറ്റ് പ്രഗ്യ ബാഗേൽ വഴി അർണബ് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. അർണബിന് വേണ്ടി കോടതിയിൽ ഹാജരായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്താഗി അർണബിന് നേരെ ചുമത്തിയിരിക്കുന്ന കേസ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കോടതിയിൽ വാദിച്ചു. രാഷ്ട്രീയമായ ചർച്ചകളിൽ പ്രകോപനപരമായ ചോദ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മുകുൾ റോഹ്ത്താഗി പറഞ്ഞു.