| Wednesday, 21st July 2021, 3:19 pm

ബി.ജെ.പിയില്‍ പോര് മുറുകുമ്പോള്‍ കോണ്‍ഗ്രസിലെ തര്‍ക്കത്തിന് ഒറ്റ വാക്കില്‍ തീര്‍പ്പ് പറഞ്ഞ് രാഹുല്‍; കര്‍ണാടകയിലെ നീക്കങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഒരു നേതാവിനെയും എടുത്തുകാട്ടില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

രാഹുല്‍ ഗാന്ധിയുമായി സിദ്ധരാമയ്യയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉന്നത നേതൃത്വത്തിന്റെ തീരുമാനം. ഇരുവരോടും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാനും നേതൃത്വം ആവശ്യപ്പെട്ടു.

താനും ശിവകുമാറും തമ്മില്‍ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.

” ഞങ്ങള്‍ ഒരുമിച്ചാണ്. ഞങ്ങള്‍ ഒരുമിച്ച് പാര്‍ട്ടി കെട്ടിപ്പടുക്കുകയാണ്. കര്‍ണാടക കോണ്‍ഗ്രസില്‍ വിള്ളലുകളൊന്നുമില്ല, പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരും. എന്തുകാരണത്താലാണ് വിള്ളല്‍ ഉണ്ടാകേണ്ടത്? ബി.ജെ.പിയുടെ അഴിമതിക്കെതിരെ ഞങ്ങള്‍ പോരാടുകയാണ്, ”സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം, കര്‍ണാടക ബി.ജെ.പിക്കകത്ത് വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി യെദിയൂരപ്പയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കകത്തെ ചില നേതാക്കള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

കര്‍ണാടകയില്‍ സമ്പൂര്‍ണ മാറ്റത്തിന് ബി.ജെ.പി. തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ
തന്റെ പക്ഷത്തുള്ള ആളുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തിരക്കുപിടിച്ച ഓട്ടത്തിലാണ് യെദിയൂരപ്പ.

കഴിഞ്ഞദിവസം യെദിയൂരപ്പയും ലിംഗായത്ത് സന്യാസിമാരും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ഇരുപതിലധികം സന്യാസിമാരാണ് യെദിയൂരപ്പയെ കണ്ടത്.

നേതൃമാറ്റം സംബന്ധിച്ച തീരുമാനം മൂന്നുനാലു ദിവസത്തിനുള്ളില്‍ ബി.ജെ.പി. നേതൃത്വം പിന്‍വലിച്ചില്ലെങ്കില്‍ 300 ഓളം സന്യാസിമാര്‍ ബെംഗളൂരു നഗരത്തില്‍ തടിച്ചുകൂടുമെന്നും സന്യാസിമാര്‍ താക്കീത് നല്‍കി.

ബി.ജെ.പിക്കകത്ത് പ്രശന്ങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏതുനിമിഷവും ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ നേരിടാന്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസ് എപ്പോഴും തയ്യാറാണെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.

യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിയാലും നേരത്തെ തെരഞ്ഞെടുപ്പു നടക്കാന്‍ സാധ്യതയില്ലെന്നും ബാക്കിയുള്ള കാലയളവിലേക്ക് ബി.ജെ.പി. മറ്റൊരു നേതാവിനെ നിയമിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: No CM Face to be Projected for 2023 Polls, Focus on Winning Unitedly, Cong Tells Siddaramaiah, Shivakumar

Latest Stories

We use cookies to give you the best possible experience. Learn more