ന്യൂദല്‍ഹി: ഇന്ത്യയില്‍ 75.8 മില്ല്യണ്‍ ജനങ്ങള്‍ ശുദ്ധജലം കിട്ടാതെ ദുരിതമനുഭവിക്കുന്നതായി സര്‍വ്വെ. രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനമാണിത്. പലയിടങ്ങളിലും വലിയതുക നല്‍കി വെള്ളം വാങ്ങേണ്ടി വരികയോ കെമിക്കലുകളടങ്ങിയ ജലം കുടിക്കേണ്ട അവസ്ഥയുമാണുള്ളത്. അന്താരാഷ്ട്ര ജലദിനത്തില്‍ “വാട്ടര്‍ എയിഡ്” പുറത്തു വിട്ട പഠനത്തിലാണ് ഇന്ത്യയിലെ കുടിവെള്ള പ്രതിസന്ധി സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്.
ജലസ്രോതസുകളെ ശരിയായവിധം ഉപയോഗിക്കാത്തതാണ് ഇന്ത്യയിലെ പ്രതിസന്ധിക്ക് കാരണമായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. മഴക്കുറവും ആഗോളതാപനവും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.
പാപ്പുവ ന്യൂഗിനിയയിലാണ് ജലപ്രതിസന്ധി ഏറ്റവും കൂടുതലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ 60 ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലം ലഭിക്കുന്നില്ല. ഗിനിയ, അംഗോള, ചാഡ്, ചൈന, എത്യോപ്യ, നൈജീരിയ തുടങ്ങിയ രാഷ്ട്രങ്ങളും പട്ടികയിലുണ്ട്.
മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ കുടിവെള്ളത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.