തിരുവനന്തപുരം: വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംപുകള്‍ക്കും നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അവധിക്കാലത്ത് പല വിദ്യാലയങ്ങളും ക്ലാസുകള്‍ നടത്തുന്നതായി സംസ്ഥാന ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
വിദ്യാലയങ്ങള്‍ മാര്‍ച്ചിലെ അവസാന ദിവസം അടച്ച് ജൂണിലെ ആദ്യ പ്രവര്‍ത്തി ദിനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെന്നാണ് നിയമം. എന്നാല്‍, ഇതിനു വിരുദ്ധമായി സംസ്ഥാനത്ത് പല വിദ്യാലയങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നുണ്ട്. കുട്ടികളോടുള്ള ഇത്തരം സമീപനം അവരില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും വേനല്‍ ചൂട് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, സി.ഐ.എസ്.സി എന്നിങ്ങനെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ അനുശാസിക്കുന്നത്. വേനലവധിക്കാലത്ത് കുട്ടികളെ കളിക്കാനനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, എല്ലാ സൗകര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി പരമാവധി ഏഴു ദിവസംവരെയുള്ള ക്യാംപുകള്‍ അവധിക്കാലത്ത് സംഘടിപ്പിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഉത്തരവു ലംഘിക്കുന്ന സ്ഥാപനങ്ങളുടെ അധികാരികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടിയുണ്ടാകും.
Watch DoolNews Video: ഒരേ ജോലി, വ്യത്യസ്ത വേതനം: കെഎസ്ആർടിസിയിലെ എം.പാനൽ ജീവനക്കാർ പ്രതികരിക്കുന്നു