|

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാമെന്നതില്‍ ഉറപ്പില്ല; വാക്‌സിന്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ ലഭ്യമായാലും സൗജന്യമായിരിക്കുമോ എന്നതില്‍ ഉറപ്പൊന്നുമില്ലെന്ന് കേന്ദ്രത്തിന്റെ വാക്‌സിന്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെ തലവനും നീതി ആയോഗ് അംഗവുമായ വി.കെ പോള്‍.

ട്രയല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ സൗജന്യ വാക്‌സിന്‍ സംബന്ധിച്ച് വ്യക്തയുണ്ടാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്റെ പ്ലാനിങ്ങിലും വിതരണത്തിലും മേല്‍നോട്ടം വഹിക്കുന്നതും വി.കെ പോളാണ്.

” വരുന്ന ആഴ്ച്ചകളില്‍ മാത്രമാണ് വാക്‌സിന്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാവുകയുള്ളൂ. നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ട്രയല്‍ പരീക്ഷണങ്ങള്‍ നടത്തിവരികയാണ്.

ഇത് വിജയകരമായാല്‍ മാത്രമേ മറ്റ് വിഷയങ്ങളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. എത്ര ഡോസില്‍ വാക്‌സിന്‍ നല്‍കണം തുടങ്ങി നിരവധി കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.

എങ്കില്‍ മാത്രമേ വാക്‌സിന്റെ സാമ്പത്തിക വശങ്ങള്‍ മനസിലാകുകയുള്ളൂ. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളില്‍ ഇതില്‍ വ്യക്തത വരുമെന്ന് കരുതുന്നു” വി.കെ പോള്‍ ദ ഹിന്ദു റിപ്പോര്‍ട്ടര്‍ ജേക്കബ് കോശിയോട് പറഞ്ഞു.

സൗജന്യ വാക്‌സിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ, കേന്ദ്ര സര്‍ക്കാര്‍ ദേശീയ രോഗ പ്രതിരോധ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കും ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്.

വലിയ വിഭാഗം ജനസംഖ്യയെ ബാധിച്ച അസുഖമായതിനാലും, നിരവധി അന്താരാഷ്ട്ര നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടും കൊവിഡ് വാക്‌സിനില്‍ അനിശ്ചിതാവസ്ഥയുണ്ട്. വാക്‌സിന്‍ വിതരണത്തിന് എത്ര തുക ആവശ്യമായി വരുമെന്നതും ഇപ്പോള്‍ പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വി.കെ പോള്‍ കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പരാമര്‍ശത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: No clarity yet on vaccine will be free for all