ഇനി തീന്‍ മേശയില്‍ ചിക്കനില്ലെന്ന് കേരളഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍
Big Buy
ഇനി തീന്‍ മേശയില്‍ ചിക്കനില്ലെന്ന് കേരളഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th February 2013, 4:00 pm

തിരുവനന്തപുരം:ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ചിക്കന്‍ വിളമ്പില്ലെന്ന് കേരളഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇവരുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്.[]

സംസ്ഥാനത്ത് കോഴിവില പരിധിയില്ലാതെ വര്‍ധിക്കുന്നതിനെതിരെയാണ് ബഹിഷ്‌കരണം തീരുമാനിച്ചത്. വിലവര്‍ധനയെ തുടര്‍ന്ന് ആള്‍കേരള ചിക്കന്‍ മര്‍ച്ചന്റ് ആന്‍ഡ് കമ്മീഷന്‍ അസോസിയേഷന്‍ വില്‍പ്പന നിര്‍ത്തിയിരുന്നു.

ഇതോടെ സംസ്ഥാനത്ത് കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലാതായി. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത തരത്തിലുള്ള കോഴിനികുതിയാണ് കേരളത്തില്‍ ഈടാക്കുന്നത്.

9രൂപ 50 പൈസയാണ് ഒരു കിലോ ഇറച്ചിക്ക് നികുതി ഈടാക്കുന്നത്. ഈ നികുതിയും ഉപഭോക്താക്കളുടെ പോക്കറ്റില്‍ നിന്നാണ് ചിലവാകുന്നത്. അന്യസംസ്ഥാനത്ത് നിന്നെത്തുന്നതില്‍ 80 ശതമാനവും വാങ്ങുന്നത് ഹോട്ടലുകാരാണ്.

എന്നാല്‍ അമിത വിലവര്‍ധനയ്ക്ക് കാരണം അന്യസംസ്ഥാനത്തെ ഇറക്കുമതി ലോബിയുടെ ഗൂഢാലോചനയെന്ന് കോഴികര്‍ഷകര്‍ ആരോപിച്ചു. വിപണിയില്‍ വില പിടിച്ചു നിര്‍ത്തിയ ചെറുകിട ഫാമുകളെ സര്‍ക്കാര്‍ സഹായിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

മൂന്നുദിവസത്തിന് ശേഷം ബഹിഷ്‌കരണം അവലോകനം ചെയ്തശേഷം കോഴിവിലയില്‍ കുറവുണ്ടായിട്ടില്ലെങ്കില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ നേരിട്ടു പൗള്‍ട്രി ഫാമുകള്‍ തുടങ്ങുമെന്നും വിതരണം ഏറ്റെടുക്കുമെന്നും അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

കൂടാതെ സെയില്‍സ് ടാക്‌സ് ഒഴിവാക്കണമെന്നും സംഘനട ആവശ്യപ്പെട്ടിട്ടുണ്ട്.