കര്‍ഷക സമരം തുടരാന്‍ സംയുക്ത സമരസമിതിയുടെ തീരുമാനം; ട്രാക്ടര്‍ റാലിയടക്കം മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം നടക്കും
India
കര്‍ഷക സമരം തുടരാന്‍ സംയുക്ത സമരസമിതിയുടെ തീരുമാനം; ട്രാക്ടര്‍ റാലിയടക്കം മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം നടക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th November 2021, 3:27 pm

ന്യൂദല്‍ഹി: കര്‍ഷക സമരം തുടരാന്‍ കര്‍ഷക സംഘടനകളുടെ കോര്‍ കമ്മിറ്റി തീരുമാനം. ട്രാക്ടര്‍ റാലിയടക്കം മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം തന്നെ നടക്കും. നിയമം പിന്‍വലിച്ചുവെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല. ഇത് പാര്‍ലമെന്റില്‍ പാസാക്കിയ നിയമമാണ്. അതിനാല്‍ വിവാദ ബില്ലുകള്‍ റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

ഇതിന് പുറമേ കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനമെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല താങ്ങുവില അടക്കമുള്ള മറ്റ് വിഷയങ്ങളില്‍ കൂടി തീരുമാനമെടുത്തെങ്കില്‍ മാത്രമേ ഈ സമരത്തില്‍ നിന്ന് പിന്നോട്ട് പോവുകയുള്ളൂവെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

സമരം നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക. പഞ്ചാബിലെ കര്‍ഷക സംഘടനകളുടെ യോഗം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ കര്‍ഷകസമരത്തില്‍ പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ വലിയ പങ്ക് വഹിച്ചിരുന്നു. അതിനാല്‍ ഇവരുടെ യോഗത്തിലെ തീരുമാനവും നിര്‍ണായകമാണ്.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം ഞായറാഴ്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ഇന്ന് കോര്‍കമ്മിറ്റി യോഗം നടത്തിയത്.

ഇന്നലെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകസമരനേതാക്കള്‍ പറഞ്ഞിരുന്നു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായും
വിശ്വാസത്തിലെടുക്കില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നുമാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞത്.

ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു മോദിയുടെ പ്രഖ്യാപനം. അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വ്യാപകമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും മോദി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: no-change-in-tractor-rally–farmers-say-agitation-will-continue