മണിപ്പൂർ നിലപാടിൽ മാറ്റമില്ല; തൃശൂർ അതിരൂപതക്ക് മറുപടിയുമായി സുരേഷ് ഗോപി
തൃശൂർ: മണിപ്പൂരിനെ കുറിച്ചുള്ള തന്റെ പ്രസ്താവനയിൽ മാറ്റമില്ലെന്നും താൻ തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും തൃശൂർ അതിരൂപതക്ക് മറുപടിയുമായി നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി.
തന്റെ നിലപാടിൽ മാറ്റമില്ലെന്നും എന്നാൽ സഭക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തൃശൂർ അതിരൂപത സംഘടിപ്പിച്ച ധർണയിൽ മുൻ എം.പി സുരേഷ്ഗോപിയുടെ മണിപ്പൂർ വിഷയത്തിലുള്ള പ്രസ്താവനക്കെതിരെ അതിരൂപത ഡയറക്ടർ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
‘അങ്ങ് മണിപ്പൂരിലും യു.പിയിലും ഒന്നും നോക്കിയിരിക്കരുത്, അതൊക്കെ നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട്’ എന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവനക്കെതിരെയാണ് വിമർശനം ഉയർന്നത്.
തുടർന്ന് ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെതിരെ തൃശൂർ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ ‘മറക്കില്ല മണിപ്പൂർ’ എന്ന ലേഖനത്തിൽ ശക്തമായ വിമർശനം ഉണ്ടായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ അരക്ഷിതാവസ്ഥ മറക്കില്ലെന്നും കേരളത്തിൽ മണിപ്പൂരിനെ മറച്ചുപിടിക്കാനാണ് കേന്ദ്രസർക്കാരും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും അതിരൂപത ചൂണ്ടിക്കാട്ടി.
അതേസമയം മണിപ്പൂർ കത്തിയമരുമ്പോൾ ഈ ആണുങ്ങൾ എവിടെയായിരുന്നെന്നും കേന്ദ്രസർക്കാറിനോടും നരേന്ദ്ര മോദിയോടും ആണത്തമുണ്ടോയെന്ന് ചോദിക്കാൻ ധൈര്യമുണ്ടോയെന്നും സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
കേരളത്തിൽ മണിപ്പൂർ ആവർത്തിക്കാനും വോട്ട് ചെയ്ത് ജനങ്ങൾ വിജയിപ്പിച്ചാൽ കേരളം മണിപ്പൂർ ആക്കിമാറ്റാനുമാണോ ലക്ഷ്യമെന്നും അതിരൂപത സംഘടിപ്പിച്ച പരിപാടിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
Content Highlight: No change in position regarding manipur issue says Suresh Gopi