| Monday, 20th August 2018, 12:31 pm

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ല: എല്ലാ ജില്ലകളിലേയും ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ഇനി കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും നിലവിലുള്ള ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടപ്പുണ്ട്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം നാളെ ചേരും.

അധികജലം ഒഴുക്കാന്‍ ആനത്തോട്, കൊച്ചു പമ്പ ഡാമുകളുടെ ഷട്ടര്‍ തുറന്നതിനാല്‍ പമ്പയുടെയും കക്കാട്ടറിന്റെയും തീരത്ത് താമസിക്കുനവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ പാണ്ടനാട്, വെണ്മണി, ഇടനാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് പ്രധാനമായും ആളുകളെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ളത്.

Read: പ്രളയ ബാധിതര്‍ക്കുള്ള കുടിവെള്ളവുമായി ട്രെയിനെത്തി

തിരുവന്‍ വണ്ടൂര്‍, കല്ലിശ്ശേരി, എനക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ഏറണാകുളം ജില്ലയിലെ പറവൂര്‍ പൂവത്തുശ്ശേരി, കുത്തിയത്തോട് ഭാഗങ്ങളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

ആലുവയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ആലുവ തുരുത്ത്, ചെമ്പകശ്ശേരി, തോട്ടുമുഖം, ദേശം തുടങ്ങിയ പ്രദേശങ്ങളില്‍ കെടുതി തുടരുന്നു. തൃശ്ശൂരിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഗ്രാമമായ ആലപ്പാട്, പുള്ള്, ചേറ്റുപുഴ, മക്കൊടി, ചേര്‍പ്പ്, വലപ്പാട് മുതല്‍ ചാവക്കാട് വരെയുള്ള തീരദേശ മേഖലയിലും വെള്ളപ്പൊക്കം തുടരുന്നു.

We use cookies to give you the best possible experience. Learn more