World News
പിന്നോട്ടില്ല അനീതിക്കെതിരെ ഉറച്ച് നിൽക്കും; ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും ഇസ്രഈൽ വംശഹത്യ കേസ് പിൻവലിക്കില്ലെന്ന് ദക്ഷിണാഫ്രിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 13, 02:37 am
Thursday, 13th February 2025, 8:07 am

ജൊഹാനസ്ബര്‍ഗ്: ഗസയില്‍ വംശഹത്യ നടത്തിയ ഇസ്രഈലിനെതിരായ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ കേസുമായി മുന്നോട്ടുപോവുമെന്ന് ദക്ഷിണാഫ്രിക്ക. ട്രംപ് ഭരണകൂടത്തിന്റെ ഭീഷണികളും സഹായങ്ങൾ വെട്ടിക്കുറയ്ക്കലും ഉണ്ടായിരുന്നിട്ടും, അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) നൽകിയ വംശഹത്യ കേസ് പിൻവലിക്കില്ലെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമാക്കുകയായിരുന്നു.

2023 ഡിസംബറിൽ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസ് പിൻവലിക്കാൻ ഒരു സാധ്യതയുമില്ല എന്ന് വിദേശകാര്യ മന്ത്രി റൊണാൾഡ് ലാമോള മാധ്യമങ്ങളോട് പറഞ്ഞു.

‘ഞങ്ങളുടെ തത്വങ്ങളിൽ ഉറച്ചുനിൽക്കുന്നത് ചിലപ്പോൾ അനന്തരഫലങ്ങൾ ഉണ്ടാക്കും. പക്ഷേ ഇത് അനീതിക്കെതിരെയുള്ള ഞങ്ങളുടെ പ്രതിഷേധമാണ്. ഞങ്ങളുടെ നിലപാടുകളിൽ ഒരു മാറ്റവുമുണ്ടാകില്ല,’ അദ്ദേഹം പറഞ്ഞു.

ഗസയിൽ ഇസ്രഈലിന്റെ വംശഹത്യയിൽ 48,000ത്തിലധികം പേർ കൊല്ലപ്പെടുകയും ആ പ്രദേശം തകർന്നടിയുകയും ചെയ്തതിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആദ്യം ഹരജി നൽകിയത് ദക്ഷിണാഫ്രിക്കയാണ്. ഈ കേസില്‍ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി ആയിരുന്ന യോവ് ഗാലന്റ് എന്നിവര്‍ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് ഇറക്കിയിട്ടുണ്ട്. നിക്കരാഗ്വ, കൊളംബിയ, ലിബിയ, മെക്‌സിക്കോ, സ്‌പെയിന്‍, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഈ കേസില്‍ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷി ചേര്‍ന്നിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ ‘വെള്ളക്കാരായ ന്യൂനപക്ഷത്തിന്റെ’ സ്വത്ത് കണ്ടുകെട്ടുന്നതായി അവകാശപ്പെടുന്ന പുതിയ ഭൂമി വിനിയോഗ നിയമത്തിനും ഇസ്രഈലിനെതിരായ ഐ.സി.ജെ കേസിനും പ്രതികാരമായി ദക്ഷിണാഫ്രിക്കയ്ക്കുള്ള സാമ്പത്തിക സഹായം നിർത്തിവച്ചുകൊണ്ടുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ കഴിഞ്ഞ ആഴ്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഭൂമിയുടെ 85 ശതമാനവും വെള്ളക്കാരുടെ കൈവശമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ദക്ഷിണാഫ്രിക്കൻ സര്‍ക്കാര്‍ സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം കൊണ്ടുവന്നത്.

വർണവിവേചനത്തിന്റെ മുൻകാല അനീതികൾ പരിഹരിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും ട്രംപിന്റെ ആരോപണങ്ങൾ നിയമത്തെ വളച്ചൊടിക്കലും , തെറ്റായ വിവരങ്ങൾ നല്കുകയുമാണെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ പറഞ്ഞു.

വാണിജ്യ, സൈനിക, ആണവ ക്രമീകരണങ്ങൾ വികസിപ്പിക്കുന്നതിനായി ദക്ഷിണാഫ്രിക്ക ഇറാനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അമേരിക്ക ആരോപിക്കുന്നു.

 

Content Highlight: No chance’: South Africa says won’t withdraw Israel genocide case despite Trump threats