ന്യൂദൽഹി: എല്ലാ കേന്ദ്ര സർക്കാർ ആശുപത്രികളിലും സുരക്ഷ 25 ശതമാനം വർദ്ധിപ്പിക്കാൻ അനുമതി നൽകി ആരോഗ്യ മന്ത്രാലയം. എന്നാൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ആശുപത്രികൾക്കായി നിയമമില്ല. ഓരോ സംസ്ഥാനങ്ങൾക്കും അവരുടേതായ നിയമങ്ങൾ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം.
ഏകീകൃത നിയമത്തിലൂടെ രാജ്യത്തുള്ള എല്ലാ ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ സംരക്ഷണം നൽകുന്ന നിയമത്തിന്റെ ആവശ്യകതയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പകരം എല്ലാ കേന്ദ്ര സർക്കാർ മെഡിക്കൽ ആശുപത്രികളിലെയും സുരക്ഷ 25 ശതമാനം വർധിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ഒപ്പം ജോലിസ്ഥലങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
കൊൽക്കത്തയിലെ ആർ.ജി കാർ ഹോസ്പിറ്റലിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
മന്ത്രാലയത്തിൻ്റെ എതിർപ്പിനെത്തുടർന്ന് റദ്ദാക്കിയ ഹെൽത്ത്‌കെയർ സർവീസസ് പേഴ്‌സണൽ ആൻഡ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (അക്രമവും സ്വത്ത് നാശവും തടയൽ) ബില്ലിന്റെ 2019 ലെ കരട് ബിൽ കേന്ദ്രം പുനഃപരിശോധിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തുകയും ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ദൽഹി , ഹരിയാന, മഹാരാഷ്ട്ര, അസം, കർണാടക, കേരളം എന്നിവയുൾപ്പെടെ 26 സംസ്ഥാനങ്ങൾ ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഈ നിയമപ്രകാരം ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിങ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെയാണ് ആരോഗ്യ പ്രവർത്തകരായി കണക്കാക്കുന്നത്. പരിക്കുകളുണ്ടാക്കൽ , ജീവൻ അപകടപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, ഒരു ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലെ വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തുക, ആരോഗ്യ പ്രവർത്തകരുടെ ജോലി തടസപ്പെടുത്തൽ എന്നിവയാണ് ഈ നിയമത്തിന് കീഴിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ.
Content Highlight: No central law in pipeline for protection of healthcare personnel, says health ministry