| Thursday, 7th March 2024, 7:35 pm

വെടിനിർത്തലിനുള്ള ഇടപെടലുകൾ ഇസ്രഈൽ തടസപ്പെടുത്തുന്നു; തങ്ങൾ ഈജിപ്ത് വിട്ടെന്ന് ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്റോ: ഇസ്രഈലുമായി സമാധാന ഉടമ്പടിയിൽ ധാരണയായില്ലെന്നും തങ്ങളുടെ പ്രതിനിധികൾ ഈജിപ്ത് വിട്ടുവെന്നും ഹമാസ്.

ഈജിപ്തിൽ വെച്ചാണ് ചർച്ചകൾ പുരോഗമിച്ചിരുന്നത്.

ഗസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിന് മധ്യസ്തരുടെ എല്ലാ ഇടപെടലുകളും ഇസ്രഈൽ തടസപ്പെടുത്തിയെന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ സമി അബു സുഹരി റോയിട്ടേഴ്സിനോട് പറഞ്ഞു.

ഗസയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണം, ഇസ്രഈൽ സൈന്യത്തെ പിൻവലിക്കണം, ഗസയിലേക്ക് സഹായങ്ങൾ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കണം, കുടിയിറക്കപ്പെട്ട ജനങ്ങൾ തിരിച്ചുവരുന്നുണ്ടെന്ന് ഉറപ്പാക്കണം തുടങ്ങിയ ഹമാസിന്റെ ആവശ്യങ്ങൾ ഇസ്രഈൽ നിരസിച്ചതായി അദ്ദേഹം പറഞ്ഞു.

അതേസമയം ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്ന് ഈജിപ്ഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു.

റമദാൻ ആരംഭിക്കുന്നതിനു മുമ്പ് ഉടമ്പടി നടപ്പിലാക്കുക അസാധ്യമാണെന്നാണ് റിപ്പോർട്ടുകൾ.

ഗസയിലുടനീളം ഇസ്രഈൽ ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിൽ മുനമ്പിലേക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

വടക്കൻ ഗസയിലെ ജബലിയ അൽ ബലാദിലെ പള്ളിയിൽ ഇസ്രഈൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.

നിർജലീകരണവും പോഷകാഹാരക്കുറവും മൂലം കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 20 പേർ മരണപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യുദ്ധം 154ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇസ്രഈൽ ആക്രമണത്തിൽ ഗസയിൽ ഇതുവരെ 30,800 പേർ കൊല്ലപ്പെട്ടു. 72,298 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Content Highlight: No ceasefire yet as Hamas officials leave Cairo

Latest Stories

We use cookies to give you the best possible experience. Learn more