കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കില്ല
Kerala
കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2013, 7:39 pm

[]തിരുവനന്തപുരം: കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കില്ല.

കേസിന്റെ കാലപ്പഴക്കമാണ് കേസ് ഏറ്റെടുക്കാത്തതിന് സി.ബി.ഐ പറയുന്ന കാരണം. പ്രതികളെല്ലാം ശിക്ഷ അനുഭവിച്ച് കഴിഞ്ഞുവെന്നും സി.ബി.ഐ വ്യക്തമാക്കി.

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ സ്‌കൂളില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ഡിസംബറിലാണ് സംഭവം നടന്നത്.

മൊകേരി സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് 14 വര്‍ഷത്തെ പഴക്കമുള്ളതിനാലാണ് കേസ് ഏറ്റെടുക്കാന്‍കഴിയില്ലെന്നാണ് സി.ബി.ഐയുടെ വാദം. എന്നാല്‍ സി.ബി.ഐ നിലപാട് പുന:പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.

ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേ സമയം സി.ബി.ഐയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി ആരോപിച്ചു.