ജയിലുകളില്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ല: സുപ്രീം കോടതി
national news
ജയിലുകളില്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ല: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2024, 4:29 pm

ന്യൂദല്‍ഹി: ജയിലുകളില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം പാടില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജാതി അടിസ്ഥാനത്തിലുള്ള ജയില്‍ മാനുവലുകള്‍ പാടില്ലെന്നും അത്തരം വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പട്ടികജാതി, പട്ടികവര്‍ഗം, നോട്ടിഫൈഡ് ഗോത്രങ്ങള്‍ എന്നിങ്ങനെയുളള പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കെതിരായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

തടവുകാര്‍ക്ക് ജാതിയുടെ അടിസ്ഥാനത്തിലായിരിക്കരുത് തൊഴിലും താമസവും നല്‍കേണ്ടതെന്നും പറഞ്ഞ കോടതി ജാതി അടിസ്ഥാനത്തിലുള്ള വിവേചനം കൊളോണിയല്‍ ഭരണത്തിന് ഉദാഹരണമാണെന്നും വ്യക്തമാക്കി.

രാജ്യത്തെ ജയിലുകളില്‍ നടക്കുന്ന ജാതി അധിഷ്ഠിത വിവേചനത്തിനെതിരെയുള്ള വിധി വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് സുപ്രീം കോടതി ഇന്നലെ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ജാതി വിവേചനം ജയിലിലും നടക്കുന്നുണ്ടെന്ന് കോടതിയുടെ ശ്രദ്ധയില്‍പെടുത്താനാണ് ഇത്തരത്തിലൊരു ഹരജി നല്‍കിയതെന്നും അപേക്ഷയില്‍ പറയുന്നു.

രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ ജയില്‍ മാനുവലില്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നായിരുന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തടവുകാരോട് ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നുവെന്നും അവര്‍ക്ക് താമസിക്കാനുള്ള സ്ഥലങ്ങള്‍ നിശ്ചയിക്കുന്നത് ജാതി അടിസ്ഥാനത്തിലാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

പല സംസ്ഥാനത്തെ ജയിലുകളിലും തടവുകാരുടെ ജോലി നിര്‍ണയിക്കുന്നതിലും ജാതി വിവേചനം കാണിക്കുന്നതായും ഹരജിക്കാരന്റെ വാദത്തില്‍ പറഞ്ഞിരുന്നു.

ഈ ഹരജിയുമായി ബന്ധപ്പെട്ട് രാജ്യത്തെ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും സുപ്രീം കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് വിധി പ്രഖ്യാപിക്കുന്നത്.

Content Highlight: no caste based discrimination in prisons: SUPREME COURT