| Tuesday, 27th October 2020, 7:23 pm

ഇന്ത്യയിലെ കൊവിഡ് രോഗികളില്‍ കാവസാക്കി രോഗ സാധ്യതയില്ലെന്ന് ഐ.സി.എം.ആര്‍ പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ കൊവിഡ് 19 രോഗികളില്‍ കാവസാക്കി രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. രാജ്യത്ത് വളരെ അപൂര്‍വ്വമായി മാത്രമേ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുള്ളുവെന്നും പഠനത്തില്‍ പറയുന്നു.

‘കാവസാക്കി രോഗം ഇന്ത്യയില്‍ വളരെ കുറവാണ്. കൊവിഡ് രോഗികളില്‍ ഈ രോഗം പടരുന്നുവെന്ന അഭ്യൂഹങ്ങള്‍ തെറ്റാണ്. വളരെ അപൂര്‍വ്വമായി മാത്രമേ അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു’- ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.

മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനി, കണ്ണുകളുടെയും ചുണ്ടുകളിലും ഉണ്ടാകുന്ന ചുവന്ന പാടുകള്‍ എന്നിവയാണ് കാവസാക്കി രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. വാസ്‌കുലിറ്റിയുടെ മറ്റൊരു രൂപമാണ് കാവസാക്കി. രക്തക്കുഴലുകള്‍ക്ക് വീക്കം സംഭവിക്കുന്നത് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.

ഈ വര്‍ഷമാദ്യം നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് രോഗം ബാധിച്ചവരില്‍ കാവസാക്കി രോഗം കണ്ടെത്തിയത് ആശങ്കയുയര്‍ത്തിയിരുന്നു. സമാനമായി ഇന്ത്യയിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ് ബാധിച്ച് മുംബൈയിലെ വാഡിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൂറോളം കുട്ടികളില്‍ 18 പേര്‍ക്ക് കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 36469 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകള്‍ 625,857 ആണ്. ഇതുവരെ 79,46,429 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ മരണം 1,19,502 ആണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Covid 19 And Kawasacki Disease India Rare ICMR

We use cookies to give you the best possible experience. Learn more