ബി.ജെ.പിയില്‍ ഒരു അംഗത്വം, പിന്നാലെ മാഞ്ഞു പോകുന്ന കേസുകള്‍
national news
ബി.ജെ.പിയില്‍ ഒരു അംഗത്വം, പിന്നാലെ മാഞ്ഞു പോകുന്ന കേസുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th February 2024, 4:44 pm

എതിർ പാർട്ടിയിലായിരിക്കെ അഴിമതി കേസുകളിൽ കേന്ദ്ര ഏജസികളുടെ അന്വേഷണം നേരിട്ട നേതാക്കൾ പിന്നീട് ബി.ജെ.പിയിലേക്ക് വരികയും കേസുകൾ തേഞ്ഞുമാഞ്ഞു പോകുകയും ചെയ്തിട്ടുണ്ട്. ഇവരിൽ പലരും അഴിമതി ആരോപണങ്ങളുടെ പേരിൽ ബി.ജെ.പിയുടെ നിരന്തര വിമർശങ്ങൾക്ക് വിധേയരായവരാണ് എന്നതാണ് മറ്റൊരു കാര്യം.

അങ്ങനെയുള്ള കുറച്ച് നേതാക്കളെ നോക്കാം.

ഈ വാരം ഏറ്റവും ചർച്ചയായത് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ്‌ വിട്ട് ബി.ജെ.പിയിലേക്ക് പോയതാണ്. ആദർശ് ഫ്ലാറ്റ് അഴിമതിക്കേസിൽപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതായിരുന്നു. അദ്ദേഹത്തിന്റെ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.

കേസ് ഇല്ലാതാകാനാണ് എന്ന ആരോപണം ഉയരുമ്പോൾ തന്റെ ഭൂതകാലത്ത് നടന്ന കാര്യങ്ങൾക്ക് ബി.ജെ.പിയിലേക്ക് പോകുന്ന തീരുമാനവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഈ കേസ് എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

മധ്യപ്രദേശിൽ കമൽ നാഥിന്റെ സർക്കാരിനെ താഴെയിറക്കി ബി.ജെ.പിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയും കോൺഗ്രസ് നേതാവായിരിക്കെ ഭൂമി വിൽപ്പനയ്ക്കിടെ കൃത്രിമ രേഖയുണ്ടാക്കിയതിന് ഇ.ഡിയും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും കേസെടുത്തിരുന്നു. എന്നാൽ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ഈ കേസ് അവസാനിപ്പിച്ചിരുന്നു.

ബിജെപിയുടെ സഖ്യകക്ഷിയായ ഷിൻഡെ വിഭാഗം ശിവസേനക്കൊപ്പം പോയതോടെ എൻ.സി.പിയുടെ അജിത് പവാറിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ അന്വേഷണം നിലച്ചിരിക്കുകയാണ്.

മഹാരാഷ്ട്ര സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പിലും വിദർഭ ജലസേചന പദ്ധതിയുടെ ചെയർമാൻ ആയിരുന്നപ്പോൾ ജലസേചന പദ്ധതികളിലെ ക്രമക്കേടിലും അജിത് പവാർ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ അന്വേഷണം നേരിട്ടിരുന്നു.

തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയും കേസെടുത്തു.

2019ൽ മഹാ വികാസ് അഗാഡി അധികാരത്തിൽ എത്തിയപ്പോൾ അജിത് പവാർ ഉപമുഖ്യമന്ത്രിയായിരുന്നു. തുടർന്ന് കോടതിയിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അജിത് പവാറിന് ക്ലീൻ നൽകിയെങ്കിലും സർക്കാർ മാറിയപ്പോൾ തുടരന്വേഷണം വേണമെന്ന് നിലപാടെടുത്തു.

എന്നാൽ അജിത് പവാർ ഷിൻഡെ വിഭാഗത്തോടൊപ്പം ചേർന്നപ്പോൾ അന്വേഷണം നിലച്ചു. അജിത്തിന്റെ പങ്ക് ഇ.ഡിയുടെ കുറ്റപത്രത്തിൽ വിശദമാക്കിയിട്ടുണ്ടെങ്കിലും കേസിൽ പ്രതിചേർത്തിട്ടില്ല.

ഷിൻഡെ വിഭാഗത്തോടൊപ്പം ചേർന്ന് മഹാരാഷ്ട്രയിൽ എൻ.ഡി.എ സർക്കാരിന്റെ മന്ത്രിയായതോടെ എൻ.സി.പി നേതാവായ ഹസൻ മുഷ്‌രിഫിനെതിരായ ഇ.ഡി കേസ് ഏകദേശം നിലച്ച മട്ടാണ്. ഷുഗർ ഫാക്ടറിയുടെ പ്രവർത്തനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട 35 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹസൻ ഇ.ഡി അന്വേഷണം നേരിട്ടത്.

ശരദ് പവാറിന്റെ വിശ്വസ്തനായിരുന്ന എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ മൻമോഹൻ സിങ് സർക്കാരിൽ വ്യോമയാന മന്ത്രിയായിരിക്കെ എയർ ഇന്ത്യക്ക് വിമാനം വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിൽ സി.ബി.ഐ അന്വേഷണം നേരിട്ടിരുന്നു. എന്നാൽ അദ്ദേഹം അജിത് പവാറിനൊപ്പം എൻ.ഡി.എ സഖ്യത്തിലേക്ക് പോയപ്പോൾ അന്വേഷണം നിലച്ചു.

തൃണമൂൽ കോൺഗ്രസിന്റെ പ്രധാന നേതാവായിരുന്ന സുവേന്ദു അധികാരിക്കെതിരായ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസ് ബംഗാളിനെ പിടിച്ചു കുലുക്കാൻ ബി.ജെ.പി പ്രധാന ആയുധമാക്കിയിരുന്നു. എന്നാൽ അദ്ദേഹം ബി.ജെ.പിയിൽ ചേരുകയും സംസ്ഥാനത്തെ പ്രതിപക്ഷ നേതാവാകുകയും ചെയ്തതിനു പിന്നാലെ അന്വേഷണം നിലച്ചിരിക്കുകയാണ്. ഇതേ കേസിൽ ആരോപണം നേരിട്ടിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ ബംഗാളിലെ ഏറ്റവും വലിയ അഴിമതിക്കാരൻ എന്നായിരുന്നു ബി.ജെ.പി വിളിച്ചിരുന്നത്.

നാരദ സ്റ്റിങ് കേസിലും പ്രതിയായിരുന്ന മുകുൾ റോയ് പണം സ്വീകരിക്കുന്ന വീഡിയോ സി.ബി.ഐ കണ്ടെത്തുകയും ചെയ്തിരുന്നു. 2017ൽ ബി.ജെ.പി പ്രവേശനത്തിന് വഴി തെളിഞ്ഞതോടെ അന്വേഷണങ്ങളും അവിടെ തീർന്നു.

ശിവസേനയിലൂടെ രാഷ്ട്രീയം ആരംഭിച്ച പിന്നീട് മഹാരാഷ്ട്രയിൽ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന നാരായൺ റാണെക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, ഭൂമി തട്ടിപ്പ് കേസുകളിൽ ഇ.ഡി, സി.ബി.ഐ അന്വേഷണങ്ങൾ ആരംഭിച്ചിരുന്നു. അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ 2019ൽ അദ്ദേഹം ബി.ജെ.പിയിൽ ചേരുകയായിരുന്നു. അതോടെ അന്വേഷണങ്ങളും അവസാനിച്ചു.

ഇന്ന് ബി.ജെ.പിയുടെ മുൻനിര നേതാക്കളിലൊരാളായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കോൺഗ്രസിലായിരിക്കെ ജലകുംഭകോണ കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ടിരുന്നു. ശർമക്കെതിരായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ബി.ജെ.പി ഒരു പുസ്തകം പോലും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ 2015ൽ ശർമ ബി.ജെ.പിയിൽ ചേർന്നതോടെ അഴിമതി ആരോപണം അവർ പിൻവലിക്കുകയായിരുന്നു.

Content Highlight: No cases against leaders after joining BJP