ന്യൂദല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന പ്രത്യേക അത്താഴ വിരുന്നിലേക്ക് അംബാനി, അദാനി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ വ്യവസായികളെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിന് കേന്ദ്രം നിയോഗിച്ച ഫാക്ട് ചെക്കിങ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
‘ജി20 ഇന്ത്യയുടെ പ്രത്യേക അത്താഴ വിരുന്നിലേക്ക് പ്രമുഖ ബിസിനസ് നേതാക്കള്‍ക്ക് ക്ഷണമുണ്ടെന്ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത്താഴവിരുന്നിലേക്ക് ഒരു വ്യവസായിയേയും ക്ഷണിച്ചിട്ടില്ല,’ പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് വ്യക്തമാക്കി.
അദാനി ഗ്രൂപ്പിലെ ഗൗതം അദാനി, റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ മുകേഷ് അംബാനി, റ്റാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, കുമാര്‍ മംഗളം ബിര്‍ല, ഭാരതി എയര്‍ടെല്ലിന്റെ ഫൗണ്ടറും ചെയര്‍മാനുമായ സുനില്‍ മിട്ടാല്‍ എന്നിവരുള്‍പ്പെടെ 500ഓളം വ്യവസായ പ്രമുഖര്‍ക്ക് ഉച്ചകോടിയുടെ അത്താഴവിരുന്നിലേക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പി.ഐ.ബിയുടെ വിശദീകരണം.
അതേസമയം, ദല്‍ഹിയിലെ പ്രഗതി മൈതാനില്‍ നടക്കുന്ന ദ്വിദിന ജി20 ഉച്ചകോടിയിലേക്ക് ലോകമെമ്പാടുമുള്ള വിദേശ പ്രതിനിധികളെയും നേതാക്കളെയും സ്വാഗതം ചെയ്തിരുന്നു. ലോകനേതാക്കളെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച തന്നെ കോംപ്ലക്‌സിലെത്തി.
ഉച്ചകോടിയുടെ ആദ്യ ദിനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഭാരത് മണ്ഡപത്തില്‍ പ്രത്യേക അത്താഴം സംഘടിപ്പിക്കും. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, സൗദി അറേബ്യയുടെ മുഹമ്മദ് ബിന്‍ സല്‍മാന്‍, ജപ്പാനിലെ ഫ്യൂമിയോ കിഷിദ തുടങ്ങിയ ലോക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. വിദേശ പ്രതിനിധികള്‍ക്ക് പുറമെ കാബിനറ്റ് മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, മറ്റ് അതിഥികള്‍ എന്നിവര്‍ക്കും ക്ഷണം നല്‍കിയിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യോഗത്തില്‍ പങ്കെടുക്കില്ല, പ്രധാനമന്ത്രി ലീ ക്വിയാങ് പ്രതിനിധീകരിക്കും. റഷ്യയുടെ വ്ളാഡിമിര്‍ പുടിനെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് പ്രതിനിധീകരിക്കുന്നത്.
Content Highlights: No business magnates have been invited to G20 India dinner, clarifies PBI