പന്തിനെ ഈ ഐ.പി.എൽ സീസണിൽ മിസ് ചെയ്യുമെന്നും അദ്ദേഹം പരിക്ക് ഭേദമായി തിരിച്ചുവരുന്നതിൽ സന്തോഷമുണ്ടെന്നുമാണ് മൽഹോത്ര അഭിപ്രായപ്പെട്ടിരിക്കുന്നത്.
പന്തിന്റെ അഭാവത്തിൽ ദൽഹി ക്യാപിറ്റൽസിനെ ഡേവിഡ് വാർണറായിരിക്കും നയിക്കുക.
ഇത്തവണത്തെ പതിനാറാം ഐ.പി.എൽ സീസണിൽ പന്തിന്റെ അഭാവം തങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നതെന്നും മൽഹോത്ര പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് റിഷഭ് പന്തിന്റെ ടീമിനുള്ളിലെ പ്രാധാന്യത്തെക്കുറിച്ച് ദൽഹി സി.ഇ.ഒ ധീരജ് മൽഹോത്ര തുറന്ന് പറഞ്ഞത്.
“അദ്ദേഹം ഞങ്ങളുടെ ക്യാപ്റ്റനും ടീമിനുള്ളിലെ മികച്ച ബാറ്റർമാരിലൊരാളുമാണ്. സ്റ്റമ്പിന് പിന്നിൽ നിന്ന് മത്സരം നിയന്ത്രിക്കുന്നതിൽ അഗ്രഗണ്യനാണ് അദ്ദേഹം. അദേഹത്തിനെ തടയാൻ ഒരു ബോളർക്കും കഴിയുകയില്ല. ഞങ്ങൾ അദ്ദേഹത്തെ തീർച്ചയായും മിസ് ചെയ്യും,’ ധീരജ് മൽഹോത്ര പറഞ്ഞു.
“അദ്ദേഹത്തിന് പറ്റിയ അപകടം വളരെ ദാരുണമായ സംഭവമായിപ്പോയി, പക്ഷെ അദ്ദേഹത്തിന് വേഗത്തിൽ സുഖപ്പെടുന്നുണ്ട്. അതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അദ്ദേഹത്തെ പഴയ മികവോടെ കളിക്കളത്തിൽ എത്രയും പെട്ടെന്ന് കാണാൻ കഴിയട്ടെ എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,’ മൽഹോത്ര കൂട്ടിച്ചേർത്തു.
30 മത്സരങ്ങളിൽ ദൽഹിയെ നയിച്ച പന്തിന് 17 മത്സരങ്ങളിലും ടീമിനെ വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. മൽഹോത്രയെപ്പോലെ തന്നെ ദൽഹി മുഖ്യ പരിശീലകനായ റിക്കി പോണ്ടിങ്ങും പന്ത് എത്രയും വേഗം പരിക്ക് സുഖമായി മടങ്ങിവരട്ടെ എന്ന് പ്രത്യാശിച്ചു.