ഡെറാഡൂണ്‍: മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം വില്‍പ്പനയ്ക്ക് യോഗ്യമല്ലെന്ന് എ.ബി.വി.പി അടക്കമുള്ള വലതുപക്ഷ സംഘടനകള്‍ വിലക്കിയതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ സര്‍വകലാശാലയില്‍ നടക്കാനിരുന്ന പുസ്തകോത്സവം റദ്ദാക്കി. ഉത്തരാഖണ്ഡിലെ ശ്രീനഗറിലെ കേന്ദ്രസര്‍വകലാശാലയായ ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാലയുടേതാണ് നടപടി.
ഫെബ്രുവരി 15, 16 തീയതികളില്‍ നടക്കാനിരുന്ന പുസ്തകമേളയാണ് റദ്ദാക്കിയത്. എ.ബി.വി.പി അടക്കമുള്ള വലതുപക്ഷ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം കാരണമാണ് സര്‍വകലാശാല ഇത്തരത്തിലേക്കൊരു നടപടിയിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഏതെങ്കിലും സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്നല്ല പുസ്തകമേള റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും പരീക്ഷകള്‍ക്ക് തടസം നേരിടുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചതാണ് തീരുമാനത്തിന് കാരണമെന്നുമാണ് സര്‍വകലാശാല അധികൃതരുടെ വാദം.
ക്രിയേറ്റീവ് ഉത്തരാഖണ്ഡിന്റെ സംഘാടനത്തില്‍ നടത്താനിരുന്ന പുസ്തക മേളയാണ് റദ്ദാക്കിയത്. ഇവര്‍ വര്‍ഷങ്ങളായി സര്‍വകലാശാല ആസ്ഥാനമാക്കി നടത്തുന്ന കിത്താബ് കൗതിക് എന്ന പുസ്തകമേളയാണ് റദ്ദാക്കിയത്.
ആദ്യം ജനുവരിയില്‍ ഗവ.ഗേള്‍സ് ഇന്റര്‍ കോളേജില്‍ പരിപാടി നടത്താനായിരുന്നു തീരുമാനിച്ചതെന്നും പിന്നീട് ചില കാര്യങ്ങളുന്നയിച്ച് സര്‍വകലാശാലയിലേക്ക് മാറ്റിയതെന്നും സംഘാടകന്‍ ഹേം പന്ത് പറഞ്ഞു.
സ്‌കൂളില്‍ അനുമതി വാങ്ങിയിരുന്നുവെന്നും പക്ഷേ വിശദീകരണങ്ങളൊന്നും കൂടാതെ മാനേജ്‌മെന്റ് പിന്‍വലിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെയാണ് കേന്ദ്രസര്‍വകലാശാലയിലേക്ക് മേളയുടെ വേദി മാറ്റിയതെന്നും എന്നാല്‍ വിദ്യാര്‍ത്ഥി യൂണിയനും എ.ബി.വി.പിയും ചേര്‍ന്ന് പുസ്തകമേള നടത്താന്‍ കഴിയില്ലെന്നും ഗാന്ധിയെ കുറിച്ചും നെഹ്‌റുവിനെ കുറിച്ചുമുള്ള പുസ്തകം വില്‍പ്പനയ്ക്ക് യോഗ്യമല്ലെന്നും പറഞ്ഞതെന്ന് ഹേം പന്ത് പറഞ്ഞു.
Content Highlight: No books on Gandhi and Nehru; ABVP bans book festival in Uttarakhand