ന്യൂദല്‍ഹി: ദല്‍ഹിയില്‍ ജന്തര്‍ മന്തറിലും ബോട്ട് ക്ലബ്ബിലും നടത്തുന്ന സമരങ്ങളെ പൂര്‍ണ്ണമായും നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. പകരം പ്രതിഷേധ പരിപാടികള്‍ അനുവദിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ആളുകളുടെ പ്രതിഷേധിക്കാനുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും തമ്മില്‍ സന്തുലിതാവസ്ഥ വേണ്ടിയിരുന്നുവെന്ന് കോടതി പറഞ്ഞു.
ബോട്ട് ക്ലബ്ബ് പരിസരത്തും ജന്തര്‍മന്തറിലുമുള്ള പ്രതിഷേധം നിരോധിച്ചു കൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ തീരുമാനത്തിനെതിരെ മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍ അടക്കമുള്ളവ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗ്രീന്‍ ട്രിബ്യൂണല്‍ പ്രതിഷേധ സമരങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നത്. സമരങ്ങള്‍ സമീപത്തുള്ള രാംലീല മൈതാനിയിലേക്ക് മാറ്റണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. രാംലീല മൈതാനത്ത് റോഡിലേക്കോ, പാര്‍ലമെന്റിലേക്കോ എത്താതെ മൈതാനത്തിനുള്ളില്‍ മാത്രമെ സമരങ്ങള്‍ നടത്താന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.