| Friday, 18th November 2022, 10:11 pm

ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യ വില്‍പനയുണ്ടാകില്ല; ഫാന്‍ സോണുകളില്‍ ലഭ്യമാക്കും: ഫിഫ

സ്പോര്‍ട്സ് ഡെസ്‌ക്

ദോഹ: ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ബിയറടക്കമുള്ള മദ്യങ്ങളുടെ വില്‍പനയുണ്ടാകില്ലെന്ന് ഫിഫ അറിയിച്ചു. ഫാന്‍സോണുകളില്‍ മാത്രമായിരിക്കും മദ്യവില്‍പനയുണ്ടാവുകയെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്.

അതേസമയം ആല്‍ക്കഹോള്‍ അടങ്ങാത്ത ബിയര്‍ ലഭ്യമാക്കുമെന്നും ഫിഫ കൂട്ടിച്ചേര്‍ത്തു. മദ്യത്തിന് വിലക്കുള്ള ഖത്തറില്‍, വിനോദ സഞ്ചാരത്തിന്റെ ഭാഗമായി പ്രത്യേക ലൈസന്‍സുള്ള ബാറുകളിലും റസ്റ്ററന്റുകളിലും മാത്രമാണ് സാധാരണയായി മദ്യവില്‍പന നടക്കുന്നത്.

ലോകകപ്പിനെ തുടര്‍ന്ന് ഫാന്‍സോണുകളിലും സ്റ്റേഡിയങ്ങളിലും മദ്യ വില്‍പന നടക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിലവിലെ ഫിഫയുടെ പ്രസ്താവന പ്രകാരം ഫാന്‍ സോണുകളില്‍ മാത്രമാണ് മുഴുവന്‍ സമയവും മദ്യം വില്‍ക്കുക.

‘ആതിഥേയ രാജ്യവുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സുള്ള മറ്റ് സ്ഥലങ്ങള്‍ കൂടാതെ ഫിഫ ഫാന്‍ ഫെസ്റ്റിവലില്‍ മാത്രമായിരിക്കും മദ്യ വില്‍പനയുണ്ടാവുക. സ്റ്റേഡിയങ്ങളുടെ പരിസരത്ത് നിന്നും ബിയര്‍ വില്‍പന കേന്ദ്രങ്ങള്‍ മാറ്റുന്നതാണ്,’ ഫിഫ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഫിഫയുടെ ഏറ്റവും വലിയ സ്‌പോണ്‍സര്‍മാരിലൊരാളായ മദ്യ നിര്‍മാണ കമ്പനിയായ അന്‍ഹെയ്‌സര്‍ ബുഷ്-ഇന്‍ബെവ് (ബഡ് വൈസറടക്കമുള്ള വിവിധ ബിയറുകള്‍ നിര്‍മിക്കുന്ന കമ്പനി) ആണ് എല്ലാ ലോകകപ്പുകളിലും മദ്യവില്‍പന നടത്തുന്നത്. ഈ കമ്പനിക്ക് മാത്രമാണ് ലോകകപ്പ് വേദികളില്‍ മദ്യവില്‍പനക്ക് അനുവാദമുള്ളത്.

ഫിഫയുടെ പ്രസ്താവനക്ക് ശേഷം പ്രതികരണവുമായി എ.ബി. ഇന്‍ബെവും എത്തിയിരുന്നു. ‘തങ്ങളുടെ കണ്‍ട്രോളിന് പുറത്തുള്ള ചില കാര്യങ്ങളെ തുടര്‍ന്ന് സ്റ്റേഡിയങ്ങളുടെ പരിസരത്ത് ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനാകില്ല,’ എന്നായിരുന്നു കമ്പനിയുടെ പ്രതികരണം.

ഓരോ മത്സരത്തിനും മൂന്ന് മണിക്കൂര്‍ മുമ്പും മാച്ചിന് ശേഷം ഒരു മണിക്കൂറും സ്‌റ്റേഡിയത്തിന്റെ പരിസരങ്ങളില്‍ ബിയര്‍ വില്‍പനയുണ്ടാകും എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

2010ല്‍ ലോകകപ്പ് വേദിയായി നിശ്ചയിച്ചതിന് പിന്നാലെ മദ്യവില്‍പനയില്‍ ഖത്തറും ഫിഫയും എന്ത് നിലപാടെടുക്കുമെന്ന കാര്യത്തില്‍ വലിയ ആകാംക്ഷയുണ്ടായിരുന്നു. വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ഇതു സംബന്ധിച്ച് പുറത്തുവന്നിരുന്നത്.

Content Highlight: No beer or alcohol sale inside stadiums in Qatar World Cup 2022, says FIFA

We use cookies to give you the best possible experience. Learn more