| Friday, 23rd April 2021, 11:34 am

മതത്തിന്റെ അടിസ്ഥാനത്തില്‍ യാത്രാ നിരോധനമേര്‍പ്പെടുത്താനാകില്ല; അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തി യു.എസ് പ്രതിനിധി സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: മതാടിസ്ഥാനത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിന് അംഗീകാരം നല്‍കി യു.എസ് പ്രതിനിധി സഭ.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി രംഗത്തെത്തിയിരുന്നു. ട്രംപിന്റെ ഈ ഉത്തരവിന് എതിരെയുള്ളതാണ് പുതിയ ബില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനൗദ്യോഗികമായി നോ ബാന്‍ ആക്ട് ബില്‍ എന്നറിയപ്പെടുന്ന നിയമത്തിനാണ് പ്രതിനിധി സഭ അംഗീകാരം നല്‍കിയത്.

മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയിരുന്ന ട്രംപിന്റെ വിവാദ ഉത്തരവ് അധികാരത്തിലെത്തിയ ഉടന്‍ തന്നെ പ്രസിഡന്റ് ജോ ബൈഡന്‍ പിന്‍വലിച്ചിരുന്നു.

തുടക്കത്തില്‍ സിറിയ, ഇറാന്‍, സൊമാലിയ, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതോടൊപ്പം ഉത്തരകൊറിയ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്കുണ്ടായിരുന്നു.

2020 ല്‍ മ്യാന്‍മര്‍, കിര്‍ഗിസ്ഥാന്‍, നൈജീരിയ, എന്നീ രാജ്യങ്ങള്‍ക്കും അമേരിക്ക യാത്ര നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ട്രംപിന്റെ വിവാദ ബില്‍ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നീക്കം ചെയ്‌തെങ്കിലും പുതിയ ബില്‍ നിയമമാകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സഭാംഗങ്ങള്‍ പറഞ്ഞു.

നിലവിലെ ബില്‍ നിയമമാകാന്‍ യു.എസ് സെനറ്റിലും പാസാകണം. പ്രതിനിധി സഭയില്‍ 218നെതിരെ 208 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. അതേസമയം സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: No Ban Act Passed In US General Assembly

We use cookies to give you the best possible experience. Learn more