അഡ്‌ലൈഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കടുത്ത ആരോപണങ്ങളുമായി ആസ്ത്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇഷാന്ത് ശര്‍മയുടെ നോബോളുകള്‍ അമ്പയര്‍ കണ്ടില്ലെന്നാണ് പോണ്ടിംഗിന്റെ ആരോപണം. ഇത് ഗുരുതര വീഴ്ച്ചയാണെന്നും താരം കുറ്റപ്പെടുത്തി.
“ഇഷാന്ത് ശര്‍മയുടെ നോബോളുകള്‍ അമ്പയര്‍ കാണാതെ പോയത് മത്സരത്തിലെ വലിയ പിഴവാണ്. ഒന്നും രണ്ടുമല്ല, ഇഷാന്ത് ശര്‍മ എറിഞ്ഞ തുടര്‍ച്ചയായ ആറു നോബോളുകള്‍ക്ക് അമ്പയര്‍ പച്ചക്കൊടി വീശി. പ്രത്യക്ഷത്തില്‍ തന്നെ നോബോളാണെന്ന് വ്യക്തമായിട്ടു പോലും നോ ബോള്‍ വിളിക്കാന്‍ അമ്പയയറിനായില്ല. ഇത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു”. പോണ്ടിംഗ് പറഞ്ഞു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ബൗളിംഗ് ലൈന്‍ മറികടന്നുള്ള നോബോളുകള്‍ക്ക് അമ്പയര്‍മാര്‍ തീരെ ശ്രദ്ധ കൊടുക്കുന്നില്ലെന്നും വിക്കറ്റ് വീഴുമ്പോള്‍ മാത്രമേ നോബോളിനെ കുറിച്ച് എല്ലാവരും ജാഗ്രത കാണിക്കുന്നുള്ളുവെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
അഡ്ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഓസീസ് വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പ് തടഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ് വിജയത്തിന് അടിത്തറ പാകിയത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അശ്വിന്‍ എന്നിവര്‍ മൂന്നും അശ്വിന്‍ ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.
60 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടിം പെയ്ന്‍ 41 റണ്‍സെടുത്തു. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് 14ന് പെര്‍ത്തില്‍ ആരംഭിക്കും.