| Thursday, 11th February 2016, 3:09 pm

പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; യു.എ.പി.എ നിലനില്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെ.ടി ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സി.ബി.ഐ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും കേസില്‍ യു.എ.പി.എ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.

ജയരാജനെതിരെ യു.എ.പി.എ ചുമത്താനുള്ള തെളിവുകളുണ്ട്. ആയിരങ്ങള്‍ മരിച്ചോ ഒരാള്‍ മരിച്ചോ എന്നതല്ല യു.എ.പി.എ ചുമത്തുന്നതിനുള്ള മാനദണ്ഡം. യു.എ.പി.എ ചുമത്തിയാല്‍ ജാമ്യം നല്‍കാനാകില്ല. കേസിന്റെ സ്വഭാവമാണ് യു.എ.പി.എ ചുമത്തുന്നതിന് ആധാരം. ആരും കൊല്ലപ്പെട്ടിട്ടില്ല എങ്കില്‍ പോലും യു.എ.പി.എ ചുമത്താമെന്നും കോടതി പറഞ്ഞു.

വളരെ ക്രൂരമായ കൊലപാതകമാണ് മനോജിന്റേതെന്നും ജയരാജന് ഒഴികെ മനോജിനോട് മറ്റാര്‍ക്കും വൈരാഗ്യം ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു. ജയരാജന്റെ ഏറ്റവും അടുത്ത അനുയായിയായ വിക്രമനാണ് കൊലപാതകം നടത്തിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും പ്രതികളുടെ പദവി പ്രശ്‌നമല്ലെന്നും കോടതി പറഞ്ഞു.

ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജയരാജനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. ആശുപത്രിയില്‍ കഴിയുന്ന പി.ജയരാജന്റെ ആരോഗ്യസ്ഥിതി സിബിഐ പരിശോധിക്കും.ഇതിനുശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

ജയരാജനെ പ്രതി ചേര്‍ക്കാനുള്ള കാരണങ്ങള്‍ കേസ് ഡയറിയില്‍ അടയാളപ്പെടുത്തി സി.ബി.ഐ ഇന്ന് കോടതിയില്‍ ഹാജരാക്കി. കേസ് ഡയറിയിലുള്ള വിവരങ്ങള്‍ സമയത്ത് ഹാജരാക്കിയില്ലെന്ന് കോടതി സി.ബി.ഐയെ വിമര്‍ശിച്ചിരുന്നു. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ ശക്തമായ ആരോപണങ്ങളുമായി സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മനോജ് വധത്തിന്റെ മുഖ്യ ആസൂത്രകനും ബുദ്ധികേന്ദ്രവും പ്രധാന കണ്ണിയും ജയരാജനാണെന്ന് സത്യവാങ്മൂലത്തില്‍ സി.ബി.ഐ വ്യക്തമാക്കിയിരുന്നു.

തലശേരി സെഷന്‍സ് കോടതി മൂന്നുതവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് പി.ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജയരാജന് ജാമ്യം നല്‍കുന്നതിന് എതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും കോടതിയെ സമീപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more