| Thursday, 29th August 2019, 1:04 pm

യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവെച്ച് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം നടത്തിയിട്ടില്ല; ഹരജി തള്ളിയെന്ന വാര്‍ത്ത നിഷേധിച്ച് തുഷാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അജ്മാന്‍: ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാവാത്ത സാഹചര്യത്തില്‍ യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് ജാമ്യമായി വെച്ച് യാത്രാവിലക്ക് നീക്കാന്‍ കോടതിയെ സമീപിച്ചുവെന്ന വാര്‍ത്ത തള്ളി തുഷാര്‍ വെള്ളാപ്പള്ളി.

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അജ്മാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയതായുള്ള റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യത്തോടാണ് തുഷാര്‍ പ്രതികരിച്ചത്. അത്തരമൊരു വാര്‍ത്ത തെറ്റാണെന്നും അത്തരത്തിലൊരു നീക്കം താന്‍ നടത്തിയിട്ടില്ലെന്നും തുഷാര്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” അത്തരമൊരു നീക്കം ഇതുവരെ നടത്തിയിട്ടില്ല. നിയമ നടപടികളുമായി മുന്നോട്ടുപോകാനുള്ള രേഖകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഞാന്‍. ഇടപാടുകള്‍ സംബന്ധിച്ച് എല്ലാ രേഖകളും കൈവശമുണ്ട്. അത് കോടതിയില്‍ ഹാജരാക്കും. നിരപരാധിത്വം തെളിയിക്കാനുള്ള ആത്മവിശ്വാസമുണ്ട്”- തുഷാര്‍ പറഞ്ഞു.

യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവെച്ച് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹരജി അജ്മാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തള്ളിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇനി കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടാകുന്നതുവരെയോ വിചാരണ പൂര്‍ത്തിയാകുന്നതുവരെയോ തുഷാറിന് യു.എ.ഇ വിടാനാവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. പബ്ലിക് പ്രോസിക്യൂട്ടറുടെ വിവേചനാധികാരത്തിലൂടെയാണ് തുഷാറിന്റെ ഹരജിയില്‍ തീരുമാനമെടുത്തതെന്നായിരുന്നു റിപ്പോര്‍ട്ട്. കേസിലെ സാമ്പത്തിക ബാധ്യതകള്‍ സ്വദേശി പൗരന് ഏറ്റെടുക്കാനാകുമോയെന്ന ആശങ്കയുള്ളതിലാണ് അപേക്ഷ തള്ളിയതെന്നായിരുന്നു വിവരം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ എവിടെയുമെത്തിയിട്ടില്ല. നാസില്‍ ആവശ്യപ്പെടുന്ന തുക കൂടുതലാണെന്നും അത് നല്‍കാനാവില്ലെന്നും തുഷാര്‍ നിലപാടെടുത്തപ്പോള്‍ ആവശ്യപ്പെട്ട തുക നല്‍കാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് നാസില്‍.

ഈ മാസം 20 ാം തിയതിയാണ് തുഷാറിനെ യു.എ.ഇ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തുകയായ 10 ലക്ഷം ദിര്‍ഹവും പാസ്‌പോര്‍ട്ടും ജാമ്യമായി കെട്ടിവെച്ചാണ് തുഷാര്‍ പുറത്തിറങ്ങിയത്.

We use cookies to give you the best possible experience. Learn more