തിരുവനന്തപുരം: കേരളത്തിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വയനാട് ലോക്‌സഭാ സീറ്റിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം, സംഘടിത കുപ്രചരണങ്ങൾക്കും രാഷ്ട്രീയ ആക്രമണങ്ങൾക്കും വഴങ്ങാതെ ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചതായി അദ്ദേഹം പറഞ്ഞു.
‘സംഘടിത കുപ്രചരണങ്ങളും ആക്രമണങ്ങളും അവഗണിച്ച് ചേലക്കര നിയോജക മണ്ഡലത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നിർണായക വിജയം സമ്മാനിച്ചു. എൽ.ഡി.എഫ് സർക്കാരിനുള്ള ജനപിന്തുണയും അംഗീകാരവും കൂടുതൽ ഉറപ്പിച്ചതാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം.
എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽ ഡി എഫിന് ലഭിച്ചത്. വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്ദേശം,’ അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പാലക്കാട് മുൻ തെരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽ.ഡി.എഫിനൊപ്പം അണിനിരന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള നാളുകളിൽ വികസന -ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വർധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെയും വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെയും വിജയികളെ അഭിനന്ദിക്കുന്നതായും എൽഡിഎഫിന് വോട്ടുചെയ്ത മുഴുവൻ ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Content Highlight: No anti-govt sentiment in Kerala, claims CM Pinarayi Vijayan