മികവു പുലര്‍ത്താത്ത ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റ് ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്
Daily News
മികവു പുലര്‍ത്താത്ത ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റ് ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2016, 8:29 pm

ന്യൂദല്‍ഹി: ജോലിയില്‍ മികവുപുലര്‍ത്താത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിലവാരം പുലര്‍ത്തുന്ന ജീവനക്കാര്‍ക്കുമാത്രം ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും നല്‍കിയാല്‍ മതിയെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്.

ഏഴാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിബന്ധനയുള്ളത്. ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം.

പെര്‍ഫോമന്‍സ് അപ്രൈസലില്‍ വെരി ഗുഡ് മാര്‍ക്ക് ലഭിച്ചവരെ മാത്രമേ പ്രമോഷനും ശമ്പള വര്‍ധനവിനും പരിഗണിക്കൂ. നേരത്തേ ഇതിന് ഗുഡ് എന്ന മാര്‍ക്കായിരുന്നു പരിഗണിച്ചിരുന്നത്. ജോലിയില്‍ കയറി ഇത്രവര്‍ഷത്തിനുള്ളില്‍ നിബന്ധന അനുസരിച്ചുള്ള പ്രവര്‍ത്തനശേഷി നേടാത്ത ജീവനക്കാരുടെ ശമ്പളത്തിലെ വാര്‍ഷിക വര്‍ധനയും പ്രമോഷനും തടഞ്ഞുവയ്ക്കണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതു സര്‍ക്കാര്‍ സ്വീകരിച്ചു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഗസ്റ്റ് മുതല്‍ ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളം ലഭിക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ജീവനക്കാര്‍ക്ക് 23.6 ശതമാനം വര്‍ദ്ധനവാണ് ലഭിക്കുക. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു പദ്ധതി നടപ്പാക്കുക.

അലസരും കാര്യശേഷിയില്ലാത്തവരുമായ ജീവനക്കാര്‍ അനര്‍ഹ സ്ഥാനങ്ങള്‍ നേടുന്നത് തടയുന്നതിനും സമര്‍ത്ഥരായ ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കുന്നതിനും പുതിയ രീതി സഹായകമാകുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ അമ്പത് ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണുള്ളത്.