national news
ആംബുലൻസോ വീൽചെയറോ നൽകിയില്ല, യു.പിയിൽ ഭിന്നശേഷിക്കാരനായ ഭർത്താവിനെ പുറത്ത് ചുമന്ന് ആശുപത്രിയിലെത്തിച്ച് യുവതി; വീഡിയോ 
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 05, 07:19 am
Wednesday, 5th March 2025, 12:49 pm

ലഖ്‌നൗ: ആംബുലൻസോ വീൽചെയറോ ലഭിക്കാത്തതിനെ തുടർന്ന് യു.പിയിൽ ഭിന്നശേഷിക്കാരനായ ഭർത്താവിനെ പുറത്ത് ചുമന്ന് ആശുപത്രിയിലെത്തിച്ച് യുവതി.

ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. ഒരു സ്ത്രീ തന്റെ ഭിന്നശേഷിക്കാരനായ ഭർത്താവിനെ പുറകിൽ ചുമന്ന് ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ (സി.എം.ഒ) ഓഫീസിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.

ഭിന്നശേഷി സർട്ടിഫിക്കറ്റ് തേടിയാണ് സ്ത്രീ ഭർത്താവിനെയും കൊണ്ട് ചീഫ് മെഡിക്കൽ ഓഫീസറുടെ അടുത്തെത്തിയത്. ഈ ദയനീയ ദൃശ്യം സ്ഥലത്തുണ്ടായിരുന്നവർ വീഡിയോയിൽ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

സാരി ധരിച്ച ഒരു സ്ത്രീ തന്റെ ഭർത്താവിനെ പുറകിൽ ചുമന്ന് ആശുപത്രി മുറ്റത്തുകൂടി നടക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ നഗ്നമായ യാഥാർത്ഥ്യം തുറന്നുകാട്ടുന്നുവെന്ന് വിമർശനം ഉയരുന്നുണ്ട്. മറ്റ് വാഹനസൗകര്യങ്ങൾ ഉപയോഗിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് യുവതി ഭർത്താവിനെ ചുമലിലേറ്റേണ്ടി വന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു ആരോഗ്യ വകുപ്പ് ജീവനക്കാരനും അവരെ സഹായിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും മറ്റുള്ളവർ അവരെ പിന്തുണയ്ക്കാൻ എത്തിയില്ലെന്നും കണ്ടെത്തി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. മതിയായ ആരോഗ്യ സംവിധാനം ഒരുക്കാത്ത യു.പി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് എക്സ് ഉപയോക്താക്കൾ ഉയർത്തിയത്. വിഷയം പരിശോധിച്ച് അന്വേഷണം ആരംഭിക്കണമെന്നും ഇവർ അധികൃതരോട് ആവശ്യപ്പെട്ടു.

 

Content Highlight: No Ambulance, Woman Walks Into Raebareli Hospital Carrying Differently-Abled Husband On Her Shoulders; Heart-Wrenching Video Goes Viral