| Wednesday, 4th November 2020, 9:26 am

ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പാര്‍ട്ടികളുമായി സഖ്യത്തിനില്ല; പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യനീക്കത്തിന് ശ്രമമെന്ന് കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. നിലവില്‍ തമിഴ്‌നാട്ടിലെ മൂന്നാം മുന്നണിയാണ് കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം.

പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായാണ് സഖ്യനീക്കത്തിന് ശ്രമമെന്നും കമല്‍ഹാസന്‍ പറഞ്ഞു. നേരത്തെ കമല്‍ഹാസനെ യു.പി.എ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. അടുത്ത വര്‍ഷമാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നിര്‍ണായകമായിരിക്കും തെരഞ്ഞെടുപ്പ്.

അതേസമയം, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നേതാവും തമിഴ് മാഗസിന്‍ തുഗ്ലക്കിന്റെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം രജനീകാന്ത് ബി.ജെ.പിയിലേക്കോ എന്ന അഭ്യൂഹം ശക്തമാകുകയാണ്.

ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. ഇത് രജനീകാന്ത് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്.

എന്നാല്‍ ഇരുവരുടെയും കൂടിക്കാഴ്ച ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രജനീകാന്തിന് രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ടെന്നും ബി.ജെ.പിയിലേക്കെത്തുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും ഗുരുമൂര്‍ത്തി നേരത്തെ പറഞ്ഞിരുന്നു.

കൊവിഡ് കാലമായതിനാല്‍ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ആരോഗ്യത്തിന് ഗുണകരമാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും അതിനാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നുമായിരുന്നു നേരത്തെ രജനീകാന്ത് പറഞ്ഞിരുന്നത്.

എന്നിരുന്നാലും രാഷ്ട്രീയത്തിലേക്കിറങ്ങണോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രജനീ മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി ചര്‍ച്ചചെയ്യുമെന്നും താരം പറഞ്ഞിരുന്നു. അതേസമയം രജനീയെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാനത്ത് പലയിടങ്ങളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

2017 ഡിസംബര്‍ 31നായിരുന്നു താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയം അധ്യാത്മികതയിലൂന്നിയത് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബി.ജെ.പി ഉള്‍പ്പെടയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു. ഇതിനിടെ നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് കമല്‍ഹാസനും രജനീകാന്തും പറഞ്ഞിരുന്നെങ്കിലും   പിന്നീട് ചര്‍ച്ച എങ്ങുമെത്തിയിരുന്നില്ല.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ 2020 ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Not ally with dmk and aidmk says  Kamal hasan

We use cookies to give you the best possible experience. Learn more