| Friday, 3rd November 2023, 11:11 am

തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല: ഒറ്റക്ക് മത്സരിക്കാന്‍ സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സി.പിഐ.എം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മനോഭാവം കാരണമാണ് ഇത്തരത്തിലുള്ള തീരുമാനത്തിലെത്തിയതെന്നും തങ്ങള്‍ ഇത് ആഗ്രഹിച്ചതല്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പറഞ്ഞു. കേന്ദ്ര പാര്‍ട്ടികളുമായി ധാരണയിലെത്തിയതിന് ശേഷമാണ് കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് തീരുമാനമെടുത്തതെന്നും വീരഭദ്രം പറഞ്ഞു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് തങ്ങള്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സി.പി.ഐ.എം വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനത്തെ 17 സീറ്റുകളുടെ പേരുകള്‍ സി.പി.ഐ.എം പ്രഖ്യാപിച്ചിരുന്നു. ദല്‍ഹിയിലെ ചര്‍ച്ചയില്‍ നാല് സീറ്റുകള്‍ സി.പി.ഐ.എമ്മിന് നല്‍കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ പിന്നീടുള്ള നടപടികള്‍ കോണ്‍ഗ്രസ് വൈകിപ്പിച്ചുവെന്നും സി.പി.ഐ.എം ആരോപിച്ചു.

കോണ്‍ഗ്രസ് ഭരണകക്ഷിയുടെ നിലവിലെ രണ്ടു സീറ്റുകളടക്കം അഞ്ച് സീറ്റുകള്‍ സി.പി.ഐ.എം ആവശ്യപെട്ടിരുന്നെന്നും എന്നാല്‍ അഞ്ച് സീറ്റുകളില്‍ നിലവിലുള്ള സീറ്റുകള്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും തമ്മിനേനി വീരഭദ്രം പറഞ്ഞു.

119 സീറ്റുകളിലായി ബി.ആര്‍.എസിനെയും ബി.ജെ.പിയെയും തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി സി.പി.ഐ.എമ്മും സി.പി.ഐയും സഖ്യം രൂപീകരിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഖ്യത്തില്‍ നിന്നും പിന്മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുമായുള്ള ചര്‍ച്ചക്ക് ശേഷം സഖ്യത്തില്‍ ചേരണമെന്ന തീരുമാനത്തില്‍ വ്യക്തത നല്‍കാമെന്നാണ് സി.പി.ഐ വൃത്തങ്ങള്‍ അറിയിച്ചത്. സി.പി.ഐയും സി.പി.ഐ.എമ്മും സഖ്യം ചേര്‍ന്ന് തെലങ്കാനയില്‍ മത്സരിക്കാന്‍ സാധ്യയുണ്ടെന്നും രണ്ട് ശതമാനത്തിലേറെ ഇടത് വോട്ടുകള്‍ തെലങ്കാനയില്‍ ഉണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയ സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് തിരികെ സ്വാഗതം ചെയ്തത് വിവാദമുയര്‍ത്തിയിരുന്നു. ബി.ജെ.പിക്കൊപ്പമുണ്ടായിരുന്ന വിവേക് ??വെങ്കിടസ്വാമി കോണ്‍ഗ്രസിലേക്ക് മാറിയതിനാല്‍ ഇടതുപാര്‍ട്ടികള്‍ക്ക് താത്പര്യമുണ്ടായിരുന്ന ചെന്നൂര്‍ സീറ്റ് നല്‍കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ നിയമസഭാംഗവും ബി.ആര്‍.എസ് നേതാവുമായ ജലഗം വെങ്കട്ട് റാവു കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.

Content Highlight: No alliance with Congress in Telengana: C.P.I.M to contest alone

We use cookies to give you the best possible experience. Learn more