| Wednesday, 30th October 2019, 8:06 am

'അവരെ വിശ്വസിക്കാന്‍ കൊള്ളില്ല'; കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ തള്ളി ജെ.ഡി.എസ്; ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ തള്ളി ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. ഡിസംബര്‍ അഞ്ചിനു സംസ്ഥാനത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും സഖ്യത്തിനില്ലെന്നും ഇരുപാര്‍ട്ടികളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തിലാണു മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡ നിലപാട് വ്യക്തമാക്കിയത്. 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഡിസംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുക.

‘രണ്ടു ദേശീയപാര്‍ട്ടികളെയും വിശ്വസിക്കാന്‍ കൊള്ളില്ല. ഇരുവര്‍ക്കും ഒരേ സ്വഭാവമാണ്. അവര്‍ ഞങ്ങളെ അവര്‍ക്കാവശ്യമുള്ളപ്പോള്‍ ഉപയോഗിക്കും. അതിനുശേഷം നശിപ്പിച്ചുകളയും. അവരുമായി സഖ്യമുണ്ടോ എന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ല. ഞങ്ങള്‍ ഒറ്റയ്ക്കു പോകും.’- അദ്ദേഹം വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ‘തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസാണു കഴിഞ്ഞതവണ ഞങ്ങളുടെ പിറകെ വന്ന് സര്‍ക്കാരുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. ഞാനാദ്യം അംഗീകരിച്ചിരുന്നില്ല. പിന്നീട് കുറേ സംസാരിച്ചതിനു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.’- അദ്ദേഹം വിശദീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന ട്വീറ്റുകളിട്ട ഗൗഡയോട്, ബി.ജെ.പിയോടുള്ള സമീപനത്തില്‍ മാറ്റം വന്നോ എന്ന ചോദ്യത്തിന്, അങ്ങനെയൊന്നുമല്ല എന്നായിരുന്നു മറുപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൂറുമാറ്റ നിരോധന നിയമപ്രകാരം 17 എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പിനു സംസ്ഥാനത്തു കളമൊരുങ്ങിയത്. അതില്‍ രണ്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകില്ല. ഹൈക്കോടതിയില്‍ ചില ഹര്‍ജികള്‍ കൂടി വിധി പറയാന്‍ ബാക്കിയുള്ളതിനാലാണിത്.

We use cookies to give you the best possible experience. Learn more