ഹൈദരാബാദ്: യാതൊരു കാരണവശാലും ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ.ടി റാമ റാവു. വരാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടും എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനെ പരാമര്‍ശിച്ചായിരുന്നു രാമ റാവുവിന്റെ മറുപടി. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനാണ് രാമ റാവു.
“ടി.ആര്‍.എസ് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ യാതൊരു കാരണവശാലും ടി.ആര്‍.എസ് നരേന്ദ്ര മോദിയോടെപ്പമോ ബി.ജെ.പിയോടൊപ്പമോ പോകില്ല”- റാവു പറഞ്ഞു.
ടി.ആര്‍.എസ് ജനങ്ങളെ ജനങ്ങളായാണ് കാണുന്നതെന്നും മറ്റു പല പാര്‍ട്ടികളെ പോലെ മുസ്‌ലിങ്ങളെയും മറ്റു ന്യൂനപക്ഷങ്ങളെയും വോട്ടു ബാങ്കായി കാണില്ലെന്നും രാമ റാവു പാര്‍ട്ടി ആസ്ഥാനത്തെ പരിപാടിക്കിടെ പറഞ്ഞു.
തങ്ങള്‍ ഇനിയും അധികാരത്തില്‍ വരുമെന്നാണ് തന്റെ പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു. 17 അസംബ്ലി സീറ്റുകളില്‍ 16 എണ്ണവും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്കനുകൂലമാവും എന്ന പ്രതീക്ഷയില്‍ ഇപ്രാവശ്യം തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്തും. ഡിസംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ് നടത്തുക.