ആംആദ്‌മിയുമായി സഖ്യത്തിനില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും: ദൽഹി കോൺഗ്രസ്
national news
ആംആദ്‌മിയുമായി സഖ്യത്തിനില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും: ദൽഹി കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2024, 4:53 pm

ന്യൂദൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദൽഹിയിൽ ആംആദ്‌മിയുമായി സഖ്യമുണ്ടാവില്ലെന്ന് ദൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റും ബി.ജെ.പി നേടിയതോടെ ഇനി സഖ്യ സാധ്യതക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദി വയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആംആദ്‌മിയുമായുള്ള സഖ്യ തീരുമാനം തെറ്റായിരുന്നില്ലെന്നും എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ പ്രവർത്തകർ ആവേശത്തിലാണ്. ഞങ്ങൾക്ക് ഒറ്റക്ക് പാർട്ടിയെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയും. ആംആദ്‌മിയുമായി സഖ്യത്തിന്റെ ആവശ്യമില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഞങ്ങൾക്ക് പാർട്ടിയെ നല്ല രീതിയിൽ തന്നെ മുന്നോട് കൊണ്ട് പോകാൻ കഴിയും. എല്ലാവരും വലിയ ആത്മവിശ്വാസത്തിലാണ്. അതിനാൽ ഞങ്ങൾക്ക് മികച്ച ഫലം ഉണ്ടാവുകയും ചെയ്യും.’ ദേവേന്ദർ യാദവ് പറഞ്ഞു.

ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമായി ദൽഹിയിൽ കോൺഗ്രസും എ.എ.പിയും യഥാക്രമം മൂന്നും നാലും സീറ്റുകളിൽ മത്സരിച്ചു. പഞ്ചാബിൽ ഇരു പാർട്ടികളും സഖ്യമില്ലാതെയാണ് മത്സരിച്ചത്. അവിടെ ആകെയുള്ള പതിമൂന്ന് സീറ്റുകളിൽ ഏഴും കോൺഗ്രസും മൂന്നെണ്ണം എ.എ.പിയും നേടി. ഇരുപാർട്ടികളും ഒരുമിച്ച് പോരാടിയ ഹരിയാനയിൽ ആകെയുള്ള പത്ത് സീറ്റുകളിൽ അഞ്ചെണ്ണം കോൺഗ്രസ് നേടിയപ്പോൾ ബാക്കിയുള്ളവ ബി.ജെ.പി നേടുകയായിരുന്നു.

‘പഞ്ചാബിൽ ഞങ്ങൾ പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്നു. എ.എ.പിയുടെ സർക്കാർ ഉള്ളതിനാൽ അവിടെ ഒറ്റക്ക് മത്സരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയും സംഘടനയെ ശക്തിപ്പെടുത്തുകയും ചെയ്‌തതുകൊണ്ടാണ് പതിമൂന്നിൽ ഏഴ് സീറ്റും നേടാൻ ഞങ്ങൾക്ക് സാധിച്ചത്. പതിമൂന്ന് സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ട ആം ആദ്മി പാർട്ടി മൂന്ന് സീറ്റുകൾ മാത്രമാണ് നേടിയത്.

‘എന്നാൽ ദൽഹിയിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. ദൽഹിയിൽ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അരവിന്ദർ സിങ് ലൗലി ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ദൽഹിയിൽ ഞങ്ങൾക്ക് അക്കൗണ്ട് തുറക്കാൻ കഴിയാതെ പോയതിനാൽ ദൽഹിയിൽ ഞങ്ങൾക്ക് പിഴവ് സംഭവിച്ചുവെന്നത് സത്യമാണ്,’ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ ആം ആദ്മിയുടെ മോശം പ്രകടനം വരും ദിവസങ്ങളിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: ‘No Alliance With AAP, Congress To Go Solo in Delhi Assembly Elections’: Devender Yadav