| Tuesday, 5th March 2019, 4:59 pm

കടുംപിടുത്തം പിടിച്ച് ഷീല ദീക്ഷിത്; ആം ആദ്മി പാര്‍ട്ടിയുമായി ദല്‍ഹിയില്‍ സഖ്യമില്ല, ബി.ജെ.പിയെ സഹായിക്കുകയാണ് കോണ്‍ഗ്രസെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി ദല്‍ഹിയില്‍ സഖ്യമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദല്‍ഹി പി.സി.സി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ സഖ്യം തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

“”ദല്‍ഹിയില്‍ എ.എ.പിയുമായി സഖ്യമില്ലെന്നത് അന്തിമ തീരുമാനമാണ്. ഈ തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചിട്ടുണ്ട്. ഏഴ് സീറ്റിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ച് ജയിക്കും””-ഷീല ദീക്ഷിത് പറഞ്ഞു.


ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നായിരുന്നു തുടക്കം മുതലേ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുഖ്യ എതിരാളിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും ഒറ്റക്ക് മത്സരിക്കാമെന്നുമുള്ള നിലപാടായിരുന്നു ഷീല ദീക്ഷിതിന്.

ആം ആദ്മി പാര്‍ട്ടി പല തവണ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും സീറ്റ് ധാരണയില്‍ എത്തിച്ചേരാനായില്ല. കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാന്‍ എ.എ.പി തയാറായിരുന്നു.

എന്നാല്‍ മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നു. തുടര്‍ന്ന് സഖ്യ സാധ്യത തള്ളിക്കൊണ്ട് ദല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ ആറിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.


എന്നാല്‍ ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടതോടെ സഖ്യ ചര്‍ച്ച പുനരാരംഭിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയെങ്കിലും സംസ്ഥാന നേതൃത്വം നിലപാടില്‍ ഉറച്ച് നിന്നു.

അതേസമയം, ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുകയാണ് കോണ്‍ഗ്രസെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചത് ബി.ജെ.പിയാണ്. എന്നാല്‍ 2015ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 67 സീറ്റുകളില്‍ വിജയിച്ച് എ.എ.പി അധികാരത്തിലെത്തി.

We use cookies to give you the best possible experience. Learn more