ദല്‍ഹിയില്‍ മാത്രമായി സഖ്യമില്ല; ചത്തീസ്ഗഡിലും, ഹരിയാനയിലും തയ്യാറെങ്കില്‍ ദല്‍ഹിയിലും സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസിനോട് എ.എ.പി
ന്യൂദല്‍ഹി: ദല്‍ഹിയിലും, ഹരിയാനയിലും, ചണ്ഡീഗഡിലും കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി ഇപ്പോഴും സഖ്യത്തിന് തയ്യാറാണെന്ന് എ.എ.പി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. എന്നാല്‍ ദല്‍ഹിയില്‍ മാത്രമായി കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാവില്ലെന്നും മനീഷ് അറിയിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം രാജ്യത്തിന് ഭീഷണിയാണെന്ന് ഇടയ്ക്കിടെ തെളിയിച്ചു കൊണ്ടിരിക്കുന്ന നരേന്ദ്ര മോദി-അമിത് ഷാ കൂട്ടു കെട്ടിനെ പിടിച്ചു കെട്ടലാണെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ക്ക് ആവശ്യം ബി.ജെ.പിക്കെതിരെ ഐക്യമുള്ള ഒരു പ്രതിപക്ഷമാണ്. മോദി-ഷാ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ തമ്മിലുള്ള അഭിപ്രയാവ്യത്യാസങ്ങള് രമ്യപ്പെടുത്താന്‍ തയ്യാറാണ്’- മനീഷ് പറഞ്ഞു.
സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസുമായി കഴിഞ്ഞ ഒരാഴ്ചയായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നെന്നും, ഹരിയാന, ദല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലായി 33 സീറ്റുകളില്‍ സഖ്യം രൂപീകരിക്കാമെന്ന് എ.എ.പി കോണ്‍ഗ്രസിനോട് അഭിപ്രായപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതില്‍ 23 സീറ്റുകളിലും പ്രധാന എതിരാളികള്‍ എന്‍.ഡി.എ ആയിരുന്നു.
‘എന്നാല്‍ കോണ്‍ഗ്രസ് മനപ്പൂര്‍വം സമയം കളയുകയായിരുന്നു. സഖ്യം രൂപീകരണത്തെക്കുറിച്ച് ആലോചിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഒടുവില്‍ ദല്‍ഹിയില്‍ മാത്രം സഖ്യം രൂപീകരിക്കാമെന്ന് പറയുകയായിരുന്നു. ദല്‍ഹിയില്‍ മാത്രം സഖ്യം ഉണ്ടാക്കുന്നത് പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല’- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യകള്‍ ആം ആദ്മി നേതാവും എം.പിയുമായ സഞ്ജയ് സിങ്ങ് കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കണമെന്നത് കോണ്‍ഗ്രസിന്റെ ആവശ്യമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ബി.ജെ.പിക്കെതിരെ എ.എ.പിയോടൊപ്പം സഖ്യം ചേര്‍ന്നില്ലെങ്കില്‍ രാജ്യം കോണ്‍ഗ്രസിന് മാപ്പു നല്‍കില്ലെന്ന് ദല്‍ഹി എ.എ.പി കണ്‍വീനര്‍ ഗോപാല്‍ റായും പറഞ്ഞിരുന്നു.
ദല്‍ഹി സീറ്റു വിഭജനത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടു വെച്ച സമവാക്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സഞ്ജയ് പറഞ്ഞിരുന്നു. ‘ഞങ്ങള്‍ക്ക് നാലു എം.പിമാരും 20 എം.എല്‍.എമാരുമുള്ള പഞ്ചാബില്‍ ഒരു സീറ്റു പോലു കോണ്‍ഗ്രസ് നല്‍കിയില്ല. 1.30 ലക്ഷം വോട്ടുകള്‍ നേടിയ ചണ്ഡീഗഡില്‍ ഒരു സീറ്റു പോലും അവര്‍ ഞങ്ങള്‍ക്ക് നല്‍കിയില്ല. ആറു ശതമാനം വോട്ടു നേടിയ ഗോവയില്‍ സ്ഥിതി സമാനം തന്നെ. കോണ്‍ഗ്രസിന് യാതൊരു സാന്നിധ്യവുമില്ലാത്ത ദല്‍ഹിയില്‍ അവര്‍ ഞങ്ങള്‍ക്ക് നല്‍കാമെന്ന് പറഞ്ഞത് മൂന്നു സീറ്റുകളിലാണ്’- എന്നായിരുന്നു സഞ്ജയ് പറഞ്ഞു.
‘കോണ്‍ഗ്രസ് നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണോ, അതോ സ്വന്തം പാര്‍ട്ടിയെ രക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിലാണെന്ന്’- എന്നും ഗോപാല്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായിടത്തൊക്കെ അവരെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.ഇ
ദല്‍ഹിയില്‍ അഞ്ചു സീറ്റ് നല്‍കണമെന്നായിരുന്നു എ.എ.പിയുടെ ആവശ്യം. 2014-ല്‍ ദല്‍ഹിയിലെ ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തു വാരിയിരുന്നു. കോണ്‍ഗ്രസ്-എ.എ.പി സഖ്യമില്ലാതെ മത്സരിച്ചാല്‍ ഇത്തവണയും ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ദല്‍ഹിയില്‍ സഖ്യം അനിവാര്യമാണെന്ന് കെജ്രിവാള് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ദല്‍ഹി യൂണിറ്റ് സഖ്യത്തോട് ഒരു തരത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പി.സി.സി.അധ്യക്ഷ ഷീലാ ദിക്ഷിതാണ് സഖ്യത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നത്. സഖ്യത്തില്‍ കെജ്രിവാള് നല്കുന്ന രണ്ടോ മൂന്നോ സീറ്റ് പാര്‍ട്ടിക്ക് ഒരു ഗുണവും നല്‍കില്ലെന്നാണ് അവരുടെ വാദം.