| Thursday, 18th April 2019, 6:18 pm

ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ്; അവസാന നിമിഷം കോണ്‍ഗ്രസാണ് പിന്‍മാറിയതെന്ന് എ.എ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യം ഇല്ലെന്ന് കോണ്‍ഗ്രസ്. എ.എ.പിയ്ക്ക് പിടിവാശിയാണെന്നും സഖ്യസാധ്യത മങ്ങിയെന്നും ദല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുമായി ഇനി ചര്‍ച്ച സാധ്യമല്ലെന്നും ഏഴ് സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് അവസാനം പിന്‍മാറുകയായിരുന്നുവെന്ന് എ.എ.പി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. അവസാന ശ്രമമെന്ന നിലയ്ക്ക് പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെന്നും പക്ഷെ അവസാന നിമിഷം കോണ്‍ഗ്രസ് പിന്‍മാറാന്‍ കാരണമെന്താണെന്ന് മനസിലായില്ലെന്നും ഗോപാല്‍ റായ് പറഞ്ഞു.

ഇന്ന് വൈകീട്ടോടെ പടിഞ്ഞാറന്‍ ദല്‍ഹി മണ്ഡലത്തില്‍ എ.എ.പി സ്ഥാനാര്‍ത്ഥി ബല്‍ബീര്‍ സിങ് ജാഖര്‍ ഗോപാല്‍ റായ്‌ക്കൊപ്പമെത്തി പത്രിക നല്‍കിയിരുന്നു.

സഖ്യം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുമാസത്തോളം ചര്‍ച്ചകള്‍ നടന്നിരുന്നു. ദല്‍ഹിയെ കൂടാതെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും സഖ്യം വേണമെന്നായിരുന്നു എ.എപിയുടെ ആവശ്യം.

സഖ്യ സാധ്യതകള്‍ അവസാനിച്ചതോടെ ദല്‍ഹിയില്‍ ഏഴ് മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് അനുകൂലമായി ത്രികോണ മത്സരത്തിന് സാധ്യതയൊരുങ്ങിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more