ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപത്തിന്റെ 40ാം വാര്‍ഷികത്തില്‍ എയര്‍ ഇന്ത്യ വിമാന സര്‍വീസിനെതിരെ ഭീഷണിയുമായി ഖലിസ്ഥാന്‍ നേതാവ് ഗുര്‍പന്ത് സിങ് പന്നു. നവംബര്‍ ഒന്ന് മുതല്‍ 19 വരെ വിമാന കമ്പനി സര്‍വീസ് നടത്തിയാല്‍ ആക്രമിക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാന കമ്പനിക്ക് നേരെ നിരന്തരമായി വ്യാജ ബോംബ് ഭീഷണി നടക്കുന്ന സാഹചര്യത്തിലാണ് പന്നുവിന്റെ ഭീഷണി.
കഴിഞ്ഞ വര്‍ഷവും ഇതേസമയത്ത് പന്നു സമാനമായി ഭീഷണി മുഴക്കിയിരുന്നു. 2023 നവംബറില്‍ ദല്‍ഹി ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പേര് മാറ്റണമെന്നും നവംബര്‍ 19 വരെ അടച്ചിടണമെന്നും ആവശ്യപ്പെട്ട് പന്നു ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. ആ ദിവസം വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്കെതിരേയും ഭീഷണിയുണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്ന് അന്വേഷണ ഏജന്‍സിയായ എ.എന്‍.ഐ പന്നുവിനെതിരെ ക്രിമിനല്‍ ഗൂഢാലോചന, മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, യു.എ.പി.എ എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നു.
ഇവയ്ക്ക് പുറമെ അമേരിക്കയില്‍വെച്ച് പന്നുവിനെ കൊല്ലാന്‍ ഗൂഢാലോചന നടന്നെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നോ അതിനുമുമ്പോ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് പന്നു ഭീഷണി മുഴക്കിയിരുന്നു. 2001 ഡിസംബര്‍ 13നായിരുന്നു പാര്‍ലമെന്റിന് നേരെ ഭീകരാക്രമണമുണ്ടായത്.
ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവിനെയും വധിക്കുമെന്നും പന്നൂന്‍ ഭീഷണി മുഴക്കി. കൂടാതെ ഗുണ്ടാസംഘങ്ങളോട് മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടത്താന്‍ പന്നു ആഹ്വാനവും ചെയ്തിരുന്നു.
കാനഡയിലും യു.എസിലും ഇരട്ട പൗരത്വമുള്ള പന്നു നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകനാണ്. രാജ്യദ്രോഹവും വിഘടനവാദവും ആരോപിച്ച് പന്നുവിനെ 2020 ജൂലൈ മുതല്‍ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. 2022ലാണ് കേന്ദ്ര സര്‍ക്കാര്‍ സിഖ്സ് ഫോര്‍ ജസ്റ്റിസിനെ നിരോധിതസംഘടനയായി പ്രഖ്യാപിക്കുന്നത്.
Content Highlight: No Air India flights from November 1 to 19; The leader of Khalistan says that if the service is carried out, it will be destroyed