ന്യൂദല്‍ഹി: ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കേരളത്തിന് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ശശി തരൂരിന്റെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയാണ് ലോക്സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എയിംസിന്റെ കാര്യത്തില്‍ ഇതുവരെ കേന്ദ്രം സ്വീകരിച്ചിരുന്നതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി സ്വീകരിച്ചിരിക്കുന്നത്.
മലയാളികളെ ബിജെ.പി പറ്റിച്ചെന്നും കേരളത്തിനെ ബി.ജെ.പി അവഗണിക്കുന്നുവെന്ന കാര്യത്തില്‍ ചിലര്‍ക്കുള്ള സംശയം ഇതോടെ തീരുമെന്നും ശശി തരൂര്‍ പറഞ്ഞു.
കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് ജെ.പി.നഡ്ഡ ഉറപ്പുനല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ നേരത്തെ അറിയിച്ചിരുന്നു. ഇതിനായി കോഴിക്കോട് കിനാലൂരില്‍ ഇരുന്നൂറേക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മോദി സര്‍ക്കാര്‍ അധികാരമൊഴിയും മുമ്പ് എയിംസ് അനുവദിക്കാമെന്ന് നഡ്ഡ ഉറപ്പ് നല്‍കിയത്.
എയിംസ് അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തോടും കേന്ദ്രം അനുകൂലമായാണ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്
അതേസമയം, എയിംസ് ഇല്ലെന്ന് അറിയിച്ചതോടെ അത് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.