| Monday, 23rd March 2015, 7:45 pm

ശീമാട്ടിയുമായുള്ള ധാരണാപത്രം ഉപേക്ഷിച്ചെന്ന് കെ.എം.ആര്‍.എല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊച്ചി മാധവ ഫാര്‍മസി ജംക്ഷനിലെ ശീമാട്ടിയുമായി ധാരണാ പത്രമില്ലെന്ന് കെ.എം.ആര്‍.എല്‍. ശീമാട്ടിയുമായി ധാരണാപത്രം ഒപ്പിടുന്നതിനുള്ള നീക്കം ഉപേക്ഷിച്ചതായും കെ.എം.ആര്‍.എല്‍ വ്യക്തമാക്കി. ശീമാട്ടിയുടെ കടുംപിടുത്ത നിലപാടാണ് നീക്കം പൊളിയാന്‍ കാരണമെന്നും കെ.എം.ആര്‍.എല്‍ പറഞ്ഞു.

റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത് നല്‍കുക മാത്രമാണ് പോംവഴിയെന്നും അവര്‍ വ്യക്തമാക്കി. ഭൂമി വിട്ട് തരാന്‍ ശീമാട്ടി തയ്യാറാകാത്തതിനെ തുടര്‍ന്ന് ഭൂമി ബലമായി ഏറ്റെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനം. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലുണ്ടാക്കുന്ന കരാര്‍ പ്രകാരം ഭൂമി ഏറ്റെടുക്കാമെന്ന നിലപാട് ജില്ലാ ഭരണകൂടമാണ് സ്വീകരിച്ചത്. ഈ നീക്കമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

ഭൂമി വിട്ട് നല്‍കാത്തതിനാല്‍  2014 നവംബര്‍ 13 ന് ശീമാട്ടിയുമായി ഇനി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി കെ.എം.ആര്‍.എല്‍ പിന്‍മാറിയിരുന്നു. ശീമാട്ടിയുടെ പക്കല്‍ നിന്ന് 32 സെന്റ് ഭൂമി ഉടന്‍ പിടിച്ചെടുക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ക്ക് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്റര്‍ സ്ഥലത്ത് ശീമാട്ടിയുടെ 32 സെന്റ് സ്ഥലം മാത്രമാണ് ഇനി വിട്ട് കിട്ടാനുള്ളത്. സ്ഥലത്തിന് പകരമായി മെട്രോയുടെ തൂണുകളിലും ബീമുകളിലും സൗജന്യമായി പരസ്യം പതിക്കാനുള്ള അവകാശവും ബാനര്‍ജി റോഡിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക സൗകര്യവുമാണ് ശീമാട്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഉപാധികളോടെ സ്ഥലമേറ്റെടുക്കാനാകില്ലെന്നും ഇക്കാര്യങ്ങള്‍ സ്ഥലമേറ്റെടുപ്പിന് ശേഷം പരിഗണിക്കാമെന്നുമാണ്  കെ.എം.ആര്‍.എല്‍  മറുപടി നല്‍കിയിരുന്നത്.

We use cookies to give you the best possible experience. Learn more