തിരുവല്ലയിലെ സർക്കാർ ജീവനക്കാരുടെ റീൽസിൽ നടപടിയെടുക്കില്ല; ഉദ്യോ​ഗസ്ഥരെ പിന്തുണച്ച് മന്ത്രി എം.ബി. രാജേഷ്
Kerala News
തിരുവല്ലയിലെ സർക്കാർ ജീവനക്കാരുടെ റീൽസിൽ നടപടിയെടുക്കില്ല; ഉദ്യോ​ഗസ്ഥരെ പിന്തുണച്ച് മന്ത്രി എം.ബി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2024, 7:22 pm

പത്തനംതിട്ട: ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച തിരുവല്ല ന​ഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയുമായി തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി എടുക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉദ്യോ​ഗസ്ഥരിൽ നിന്ന് റിപ്പോർട്ട് ലഭിച്ചത് പ്രകാരം ഞായറാഴ്ച ദിവസമാണ് റീൽ തയ്യാറാക്കിയതെന്ന് വ്യക്തമായതായും മന്ത്രി പറഞ്ഞു.

“തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടുകയുണ്ടായി. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത് എന്ന് മനസിലായി. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്,” മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ഇവയെല്ലാം ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

“പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്കർഷിച്ചിട്ടുള്ളതാണ്. തിരുവല്ല നഗരസഭയിൽ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നു,” മന്ത്രി പറഞ്ഞു.

റീല് പുറത്തുവന്നതിന് പിന്നാലെയാണ് ​​ന​ഗരസഭയിലെ എട്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. റവന്യൂ വിഭാ​ഗത്തിലെ വനിതകൾ ഉൾപ്പടെയുള്ള ജീവനക്കാർക്കാണ് ന​ഗരസഭ സെക്രട്ടറി നോട്ടീസ് അയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlight: No action will be taken on the reels of government employees in Tiruvalla;Minister M.B. Rajesh