ന്യൂദല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രിയ്ക്കും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെ നിയമനടപടിയെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
കഴിഞ്ഞ ദിവസം നടന്ന ലോക്സഭാ സമ്മേളനത്തില്‍ കര്‍ഷകപ്രതിഷേധത്തെ ആക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു മഹുവ ഉന്നയിച്ചത്. ഇതിന് പിന്നാലെ മഹുവക്കെതിരെ ബ്രീച്ച് ഓഫ് പ്രിവില്ലേജ് മോഷന്‍ നടപടി സ്വീകരിച്ചേക്കാമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.
അതേസമയം തനിക്കെതിരെ നിയമനടപടിയുണ്ടായാല്‍ അത് അംഗീകാരമായി കരുതുമെന്നായിരുന്നു മഹുവ പ്രതികരിച്ചത്.
‘ഇന്ത്യയുടെ ഏറ്റവും ഇരുണ്ട മണിക്കൂറുകളില്‍ സത്യം പറഞ്ഞതിന് എനിക്കെതിരെ ബ്രീച്ച് ഓഫ് പ്രിവില്ലേജ് നടപടിയുണ്ടായാല്‍ അതെനിക്കൊരു പ്രിവില്ലേജ് ആയിരിക്കും’, മഹുവയുടെ ട്വീറ്റില്‍ പറയുന്നു.
ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്തിലൂടെയാണ് ഇന്ത്യയിപ്പോള്‍ കടന്നുപോകുന്നതെന്നായിരുന്നു ലോക്സഭയില്‍ മഹുവ മൊയ്ത്ര പറഞ്ഞത്. കര്‍ഷകസമരത്തിന്റെയും പൗരത്വപ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു മഹുവയുടെ പ്രതികരണം.
അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും ഒരു വിചാരമുണ്ട് താനാണ് ഏറ്റവും ധൈര്യശാലിയെന്ന്. നിങ്ങള്‍(കേന്ദ്രസര്‍ക്കാര്‍) ഒരു ഭീരുവാണ്. യാതൊരു പരിശോധനയും കൂടാതെയാണ് കര്‍ഷക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയത്. ഷഹീന്‍ ബാഗില്‍ സമരം ചെയ്ത കര്‍ഷകരെയും വൃദ്ധരെയും വിദ്യാര്‍ത്ഥികളെയും വരെ നിങ്ങള്‍ തീവ്രവാദികളെന്ന് മുദ്രകുത്തി. അതെ, ഇന്ത്യ ഇപ്പോള്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുകയാണ്, മഹുവ ലോക്‌സഭ ചര്‍ച്ചയില്‍ പറഞ്ഞു.
അയല്‍രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനെന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവന്നത്. എന്നാല്‍ സ്വന്തം രാജ്യത്ത് ദശാബ്ദങ്ങളായി ചൂഷണം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെപ്പറ്റി സര്‍ക്കാരിന് യാതൊരു ചിന്തയുമില്ലെന്നും മഹുവ പറഞ്ഞു.
അതേസമയം കര്‍ഷക സമരം ശക്തമാകുന്ന സാഹചര്യത്തിലും സമരത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. കര്‍ഷക സമരത്തെപ്പറ്റി വളരെ മോശമായാണ് രാജ്യസഭയില്‍ മോദി സംസാരിച്ചത്. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി സഭയില്‍ പറഞ്ഞു.
കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്. കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും മോദി അവകാശപ്പെട്ടു.
കാര്‍ഷിക പരിഷകരണത്തെക്കുറിച്ച് വാതോരാതെ പറയുകയും പരിഷ്‌കരണം വേണമെന്നതില്‍ യോജിക്കുകയും ചെയ്തിട്ട് പിന്നീട് കണ്ട യൂ ടേണ്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യം പാശ്ചാത്യ സംവിധാനമല്ലെന്നും ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ജനാധിപത്യമാണ് എന്നും മോദി അവകാശപ്പെട്ടു.
മോദിയുടെ ഈ പരാമര്‍ശത്തിനെതിരെ കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു. കര്‍ഷകരെ അപമാനിക്കരുതെന്നും സമരം ചെയ്തവര്‍ തന്നെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: No Legal Action Aganist Mahua Moitra Says Union Govt