ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിന് ആശ്വാസം. തിങ്കളാഴ്ചവരെ നിലവിലെ സ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
തിങ്കളാഴ്ച സുപ്രീംകോടതിയില്‍ കേസ് വാദം കേള്‍ക്കുന്നുണ്ട്. അതുവരെ നിലവിലെ സ്ഥിതി തുടരാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. സുപ്രീംകോടതി പരിഗണിച്ച ശേഷം കേസിലെ വാദം കേള്‍ക്കുന്ന തിയതി അറിയിക്കാമെന്നും കോടതി പറഞ്ഞു.
നേരത്തെ കേസില്‍ കേന്ദ്രസര്‍ക്കാരിനെ ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു. സച്ചിന്‍ പൈലറ്റിന്റെ ആവശ്യപ്രകാരമാണ് കോടതി കേന്ദ്രസര്‍ക്കാരിനേയും കക്ഷി ചേര്‍ത്തത്.
വിധിക്കായി മാറ്റിവെച്ച കേസില്‍ ഇത്തരത്തില്‍ നടപടി കൈക്കൊള്ളുന്നത് അസാധാരണമാണെന്നാണ് വിലയിരുത്തുന്നത്. താനടക്കമുള്ള വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ രാജസ്ഥാന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്താണ് സച്ചിന്‍ പൈലറ്റ് ഹരജി സമര്‍പ്പിച്ചത്.
നേരത്തെ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.
അതേസമയം ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹരജി സുപ്രീംകോടതി 27-ന് വീണ്ടും പരിഗണിക്കും. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക