തിരുവനന്തപുരം: അശ്ലീലച്ചുവയോടെ സംസാരിച്ചതിന് പരാതി നല്‍കിയിട്ടും പൊലീസും സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്ന് ജി. വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ജീവനക്കാരി. സ്‌കൂളിലെ പ്രിന്‍സിപ്പാളിനെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.
ആരോപണവിധേയനായ പ്രിന്‍സിപ്പലിന് കീഴില്‍ ജോലി തുടരേണ്ട ദുരവസ്ഥയിലാണ് താനെന്നും, കടുത്ത മാനസിക സംഘര്‍ഷമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ഉത്തരേന്ത്യക്കാരിയായ ജീവനക്കാരി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ജി. വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ എത്തിയ ജീവനക്കാരിയാണ് പ്രിന്‍സിപ്പാളിനെതിരെ പരാതി നല്‍കിയത്.
ലൈംഗിക താല്പര്യത്തോടെ രാത്രി വിളിച്ച് ശല്യപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും കാണിച്ചാണ് ഇവര്‍ കഴിഞ്ഞമാസം 30ന് വിദ്യാഭ്യാസവകുപ്പിനും കായികവകുപ്പിനും പരാതി നല്‍കിയത്.
നവംബര്‍ ഒന്നിന് അരുവിക്കര പൊലീസിലും ഇവര്‍ പരാതി നല്‍കി. എന്നാല്‍ ഇതുവരെ ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല എന്നാണ് പരാതിക്കാരി പറയുന്നത്.
പേടിയോടെയാണ് ഇവിടെ കഴിയുന്നതെന്നാണ് ജീവനക്കാരി പറയുന്നത്. ‘അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സ്‌കൂളിലെ കമ്മിറ്റിയില്‍ നിന്നും അനുകൂലനടപടി പ്രതീക്ഷിക്കുന്നില്ല. പരാതി നല്‍കിയ പ്രിന്‍സിപ്പാളിന്റെ കീഴില്‍ ജോലി ചെയ്യാനും ഭയമാണ്,’ അവര്‍ പറയുന്നു.
പ്രിന്‍സിപ്പാളിനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന കായിക മന്ത്രിയുടെ ഉറപ്പും നടപ്പായില്ലെന്നും ജീവനക്കാരി പറയുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് അരുവിക്കര സി.ഐ വ്യക്തമാക്കി.