ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്. മുന്‍ ദല്‍ഹി മുഖ്യമന്ത്രിയും
പാര്‍ട്ടി സംസ്ഥാന അധ്യക്ഷയുമായ ഷീല ദീക്ഷിതുമായി ഇന്നലെ നടത്തിയ യോഗത്തില്‍ ആം ആദ്മിയുമായി സഖ്യം വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളായ പി.സി ചാക്കോ, കെ.സി വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ALSO READ: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും
തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുമായി സഖ്യമുണ്ടാക്കിയാല്‍ അത് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നായിരുന്നു ഷീലാ ദീക്ഷിതിന്റെ നിലപാട്. എന്നാല്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചാല്‍ ദല്‍ഹിയില്‍ ആം ആദ്മിയുമായി സഖ്യമായി മത്സരിക്കാമെന്നും ഷീലാ ദീക്ഷിത് പറഞ്ഞിരുന്നു.
ദല്‍ഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായിട്ടായിരുന്നു യോഗം ചേര്‍ന്നത്. ഏഴ് സീറ്റില്‍ ഒരു സീറ്റ് മാത്രമാണ് സഖ്യത്തില്‍ കോണ്‍ഗ്രസിനായി നല്‍കാന്‍ ആം ആദ്മി തയ്യാറായിട്ടുള്ളത്. മൂന്ന് സീറ്റെങ്കിലും വേണമെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്. സഖ്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ആറ് സീറ്റില്‍ ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. മെയ് 12നാണ് ദല്‍ഹിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.