| Sunday, 6th August 2023, 3:00 pm

അക്രമ സമരത്തിനില്ല; എന്‍.എന്‍.എസിന്റേത് അന്തസായ തീരുമാനം: ഗണേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: മിത്ത് വിവാദത്തില്‍ എന്‍.എസ്.എസ് എടുത്തത് അന്തസായ തീരുമാനമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. സംഭവത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.ബി.ഗണേഷ് കുമാര്‍.

‘അന്തസായ ഒരു തീരുമാനം എന്‍.എസ്.എസ് എടുത്തിട്ടുണ്ട്. ഒരു അക്രമ സമരത്തിനുമില്ല, കേരളത്തിലെ ജനങ്ങളുടെ മതസൗഹാര്‍ദം തകര്‍ക്കാന്‍ പോകാതെ എന്‍.എസ്.എസ് വളരെ മാന്യമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. നിയമപരമായി തെറ്റുകളെ നേരിടുക എന്നതാണ് എന്‍.എസ്.എസിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. കോടതിയില്‍ പോയാല്‍ പോരെ ശരിയായ ന്യായം കിട്ടാന്‍. കേരളത്തിലെ ഒരു മുതലെടുപ്പുകള്‍ക്കും എന്‍.എന്‍.എസ് കൂട്ടുനില്‍ക്കില്ല. എന്‍.എസ്.എസിന്റെ അന്തസ് എന്നുപറയുന്നത് അത് തന്നെയാണ്. തെറ്റുകണ്ടാല്‍ നിയമത്തിന്റെ വഴി സ്വീകരിക്കുക എന്നുള്ളതാണ്,’ കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, മിത്ത് പരമാര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉരുണ്ടു കളിക്കുകയാണെന്ന് എന്‍.എസ്.എസ് വിമര്‍ശിച്ചു. സ്പീക്കറുടെ വിവാദപരാമര്‍ശങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ എന്‍.എസ്.എസ് അറിയിച്ചു.

‘ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച് നിയമസഭ സ്പീക്കര്‍ ഷംസീറിന്റെ തെറ്റായ പരാമര്‍ശങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇതിനെതിരെയാണ് എന്‍.എസ്.എസ്. പ്രതികരിച്ചത്. നിയമസഭ സ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല, വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും വിധം നടത്തിയ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പുപറയണം, അല്ലാത്തപക്ഷം സംസ്ഥാന ഗവണ്‍മെന്റ് സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണം എന്നആവശ്യങ്ങളാണ് എന്‍.എസ്.എസ് ഉന്നയിച്ചിരുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച്, ഈ വിഷയത്തില്‍ ഷംസീര്‍ മാപ്പുപറയാനും തിരുത്തിപ്പറയാനും ഉദ്ദേശിക്കുന്നില്ല, തിരുത്തേണ്ട ഒരു കാര്യവും ഇതിലില്ല എന്ന പ്രതികരണമാണ് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയില്‍ നിന്നും ഉണ്ടായത്. പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ ഇതിനെ വിശ്വാസികള്‍ കാണുന്നുള്ളൂ. പ്രസ്തുത വിഷയത്തില്‍ സ്പീക്കറുടെ വിശദീകരണവും വെറും ഉരുണ്ടുകളി മാത്രമായിരുന്നു. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ല,’ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Content Highlights: NNS taken good decesion; ganesh kumar over mith contravercy

We use cookies to give you the best possible experience. Learn more